Kerala

തോക്കുകള്‍ പിടികൂടിയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് പോപുലര്‍ ഫ്രണ്ട്

ലഘുലേഖ കൈവശംവച്ചതിന്റെ പേരില്‍ കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പോലിസ്, തോക്കുള്‍പ്പടെ വന്‍തോതിലുള്ള ആയുധശേഖരം കണ്ടെടുത്തിട്ടും പ്രതികള്‍ക്കെതിരേ ഗൗരവമായ വകുപ്പുകള്‍ ചുമത്താത്തത് സംശയങ്ങള്‍ക്കിടയാക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.

തോക്കുകള്‍ പിടികൂടിയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: കോട്ടയം ജില്ലയിലെ പള്ളിക്കത്തോടുനിന്ന് തോക്കുകളും റിവോള്‍വറുകളും വെടിയുണ്ടകളുമായി ബിജെപി നേതാവുള്‍പ്പെടെ അറസ്റ്റിലായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ്സിന്റെ ശക്തികേന്ദ്രത്തിലാണ് തോക്കും തോക്ക് നിര്‍മാണസാമഗ്രികളുമുള്‍പ്പെടെ വന്‍ ആയുധശേഖരം കണ്ടെത്തിയതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലായ പ്രതികളിലൊരാളായ കെ എന്‍ വിജയന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ അധ്യാപകനും നിലവിലെ ബോര്‍ഡംഗവുമാണ്. ഇയാള്‍ ബിജെപി ആര്‍എസ്എസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നിരന്തരമായി സ്‌കൂള്‍ സന്ദര്‍ശിക്കാറുണ്ട്. മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ബിജെപിയുടെ നിരവധി ഉന്നതനേതാക്കള്‍ പ്രദേശവാസികളാണ്. ആയുധനിര്‍മാണത്തിലും വിതരണത്തിലും ഇവരുടെ പങ്കും അന്വേഷണവിധേയമാക്കണം. കേസ് അട്ടിമറിക്കാന്‍ ബിജെപി നേതൃത്വം ഇടപെടുന്നുവെന്ന ആക്ഷേപങ്ങളും ഗൗരവമായി കാണണം. പള്ളിക്കത്തോട് മന്ദിരം കവലയിലെ ആല കേന്ദ്രീകരിച്ചാണ് തോക്കുനിര്‍മാണം നടത്തിവന്നിരുന്നതെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്. വര്‍ഷങ്ങളായി തോക്കുനിര്‍മാണം നടത്തിയിട്ടും അറിഞ്ഞിരുന്നില്ല എന്നത് പോലിസിന്റെ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലഘുലേഖ കൈവശംവച്ചതിന്റെ പേരില്‍ കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയ പോലിസ്, തോക്കുള്‍പ്പടെ വന്‍തോതിലുള്ള ആയുധശേഖരം കണ്ടെടുത്തിട്ടും പ്രതികള്‍ക്കെതിരേ ഗൗരവമായ വകുപ്പുകള്‍ ചുമത്താത്തത് സംശയങ്ങള്‍ക്കിടയാക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം. അറസ്റ്റിലായവര്‍ കഴിഞ്ഞ 12 വര്‍ഷമായി തോക്ക് നിര്‍മിച്ച് രാജ്യത്തുടനീളം വിതരണം ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈ തോക്കുകള്‍ കണ്ടെത്തുന്നതിന് ഇതരസംസ്ഥാനങ്ങളിലുള്‍പ്പെടെ സംഘപരിവാരകേന്ദ്രങ്ങളും സംഘപരിവാരപ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും റെയ്ഡുചെയ്യാന്‍ പോലിസ് തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ഡല്‍ഹി വംശഹത്യയിലുള്‍പ്പെടെ സംഘപരിവാരം ഏറ്റവുമധികം പ്രയോഗിച്ച ആയുധം തോക്കായിരുന്നു. പൗരത്വപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ അട്ടപ്പാടി സ്വദേശിയായ ആര്‍എസ്എസ്സുകാരന്‍ തോക്കുകളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു. കൊല്ലം കുളത്തൂപ്പുഴയില്‍നിന്ന് വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് അടുത്തിടെയാണ്.

സംഘപരിവാര്‍ രാജ്യത്ത് കലാപങ്ങള്‍ അഴിച്ചുവിടുന്നതിന് വന്‍തോതില്‍ ആയുധനിര്‍മാണം നടത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തോക്കുനിര്‍മാണസാമഗ്രികള്‍ എവിടെ നിന്നാണ് ലഭിച്ചതെന്നും പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധവും അന്വേഷിക്കണം. കൂടാതെ തോക്കുകള്‍ നിര്‍മിച്ചുനല്‍കി ഇവര്‍ സമ്പാദിച്ച കോടികളുടെ സാമ്പത്തികനേട്ടത്തെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it