Kerala

സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന താൽക്കാലികമായി നിർത്തുന്നു

പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന താൽക്കാലികമായി നിർത്തുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബോഡി ദ്രുത പരിശോധന താൽക്കാലികമായി നിർത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. മെഡിക്കൽ സർവീസസ് കോർപറേഷന്റെ പക്കലുളള കിറ്റുകൾ തിരിച്ചെടുക്കണമെന്ന് ആരോഗ്യ സെക്രട്ടറി ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന് (എച്ച്എൽഎൽ) നിർദേശം നൽകി.

സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന തുടങ്ങിയത്. ആദ്യഘട്ടത്തിൽ പതിനായിരം പേരെ പരിശോധിച്ചു. ആശുപത്രി ജീവനക്കാർ, പോലിസുകാർ എന്നിവരടക്കം ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം അല്ലാത്തവരേയും പരിശോധിച്ചു. പരിശോധിച്ച പലർക്കും ഐജിജി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അതായത് ചികിത്സകളൊന്നും തേടാതെ തന്നെ രോഗം വന്ന് ഭേദമായെന്ന് ഫലം.

തുടർന്ന് രണ്ടാംഘട്ടത്തിൽ എച്ച്എൽഎല്ലിൽ നിന്ന് 15,000 കിറ്റുകൾ കൂടി വാങ്ങി. ഈ കിറ്റുകൾ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോഴാണ് കിട്ടുന്ന ഫലങ്ങൾ കൂടുതലും ഐജിജി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. സെൻസിറ്റിവിറ്റി കുറഞ്ഞതാകാം ഇതിന് കാരണമെന്ന് വിലയിരുത്തിയാണ് ലാബിൽ നിന്ന് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകൾ തിരിച്ചെടുക്കാൻ നിർദേശം നൽകിയത്. അതേസമയം ആദ്യഘട്ട ആന്റിബോഡി പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയവരുടെ എണ്ണം സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it