Kerala

ഖരമാലിന്യത്തില്‍നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ ധാരണാപത്രമായി

ഇരുപത് വര്‍ഷത്തേക്ക് യൂനിറ്റൊന്നിനു 6.17 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. വൈദ്യുതിബോര്‍ഡ് ഇപ്പോള്‍ വാങ്ങുന്ന വൈദ്യുതിയുടെ വിലയേക്കാള്‍ നിരക്ക് കൂടുതലാണെങ്കിലും ഇതിന്റെ ഭാരം ഉപഭോക്താക്കള്‍ക്കു വഹിക്കേണ്ടിവരില്ല.

ഖരമാലിന്യത്തില്‍നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ ധാരണാപത്രമായി
X

തിരുവനന്തപുരം: കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയില്‍ നിന്നും കെഎസ് ഇബി വൈദ്യുതി വാങ്ങുന്നതിനുള്ള ധാരണാപത്രമായി. വൈദ്യുതിമന്ത്രി എം എം മണിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ കരാറുകാരായ ജിജെ എക്കോപവര്‍ പ്രൈവറ്റ് ലിമിറ്റഡുമായാണ് കെഎസ്ഇബി ലിമിറ്റഡ് കരാറില്‍ ഒപ്പുവെച്ചത്. ഖരമാലിന്യപദ്ധതികളില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനായി വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുന്ന ആദ്യ കരാറും സംസ്ഥാനത്തെ ആദ്യപദ്ധതിയുമാണിത്.

ഇരുപത് വര്‍ഷത്തേക്ക് യൂനിറ്റൊന്നിനു 6.17 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. വൈദ്യുതിബോര്‍ഡ് ഇപ്പോള്‍ വാങ്ങുന്ന വൈദ്യുതിയുടെ വിലയേക്കാള്‍ നിരക്ക് കൂടുതലാണെങ്കിലും ഇതിന്റെ ഭാരം ഉപഭോക്താക്കള്‍ക്കു വഹിക്കേണ്ടിവരില്ല. കരാര്‍ പ്രകാരം കൊച്ചി കോര്‍പ്പറേഷന്‍ പ്രതിദിനം നല്‍കുന്ന 300 എംടി ഖരമാലിന്യത്തില്‍നിന്നും പ്രതിവര്‍ഷം 47 ദശക്ഷം യൂനിറ്റ് വൈദ്യുതി പദ്ധതിയില്‍ നിന്ന് ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണം തുടങ്ങി 18 മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാകും. ഖരമാലിന്യത്തിലെ സുഗമമായി കത്തുന്ന ഘടകങ്ങളെ വേര്‍തിരിച്ച് അവയെ വാതകമാക്കി മാറ്റി സ്റ്റീം ടര്‍ബൈന്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ പരിസര മലിനീകരണമോ ദുര്‍ഗന്ധമോ ഉണ്ടാവില്ല.

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന് സഹായകമാകുന്ന ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും അവിടെനിന്നും ഉൽപാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ വാങ്ങാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. ഊര്‍ജവകുപ്പ് സെക്രട്ടറി ഡോ.ബി അശോക്, കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള തുടങ്ങിയവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it