India

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയ്‌ക്കെതിരായ ലോക്പാല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രയ്‌ക്കെതിരായ ലോക്പാല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
X

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയ ലോക്പാല്‍ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ലോക്പാല്‍ നടപടി വ്യവസ്ഥകള്‍ പാലിക്കാതെയാണെന്ന് വിലയിരുത്തിയാണ് നടപടി. ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം ഒരു മാസത്തിനുള്ളില്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രര്‍പാല്‍, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

സിബിഐക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കാന്‍ ലോക്പാല്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ പോരായ്മയുണ്ടെന്ന മൊയ്ത്രയുടെ വാദം അംഗീകരിച്ചാണ് നടപടി. അനുമതി നല്‍കുന്നതിനുമുമ്പ് പൊതുപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ തേടണമെന്ന് ലോക്പാല്‍, ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 20(7) പരാമര്‍ശിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

നവംബര്‍ 12 ന് ലോക്പാലിന്റെ ഫുള്‍ ബെഞ്ച് യോഗമാണ് ബന്ധപ്പെട്ട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് സമര്‍പ്പിക്കാനും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കി. നാല് ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.






Next Story

RELATED STORIES

Share it