Kerala

വിയോജിപ്പോടെ സിഎഎയ്‌ക്കെതിരായ 18ാം ഖണ്ഡിക വായിച്ച് ഗവര്‍ണര്‍

തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് അദ്ദേഹം 18ാം ഖണ്ഡിക വായിച്ചുതുടങ്ങിയത്. മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതുകൊണ്ട് വായിക്കുന്നു. എന്നാല്‍, തനിക്ക് ഇതിനോട് വ്യക്തിപരമായ വിയോജിപ്പാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

വിയോജിപ്പോടെ സിഎഎയ്‌ക്കെതിരായ 18ാം ഖണ്ഡിക വായിച്ച് ഗവര്‍ണര്‍
X

തിരുവനന്തപുരം: പൗരത്വ നിയമഭേഗതിക്കതിരേ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിലെ 18ാം ഖണ്ഡിക വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് അദ്ദേഹം 18ാം ഖണ്ഡിക വായിച്ചുതുടങ്ങിയത്. മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതുകൊണ്ട് വായിക്കുന്നു. എന്നാല്‍, തനിക്ക് ഇതിനോട് വ്യക്തിപരമായ വിയോജിപ്പാണെന്നും ഗവര്‍ണര്‍ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. ഇത് സര്‍ക്കാരിന്റെ നയമല്ല, കാഴ്ചപ്പാടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ 18ാം ഖണ്ഡിക വായിച്ചപ്പോള്‍ ഭരണപക്ഷം ഡസ്‌കില്‍ അടിച്ചാണ് ആഹ്ലാദം രേഖപ്പെടുത്തിയത്.

പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ 18ാം ഖണ്ഡിക. ഗവര്‍ണര്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇതോടെ എതിര്‍പ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. അതേസമയം, പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്ഭവനോട് ആവശ്യപ്പെട്ടു. ഒടുവില്‍ വിയോജിപ്പോടെ വായിക്കാമെന്ന നിലപാടിലേക്ക് ഗവര്‍ണര്‍ എത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

ഗവര്‍ണറുടെ വിയോജിപ്പ് സഭാരേഖകളില്‍ സാധാരണയുണ്ടാവാറില്ല. എന്നാല്‍, ഇത് രേഖപ്പെടുത്താന്‍ സ്പീക്കറോട് ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നത്. മലയാളത്തില്‍ 'എന്റെ പ്രിയപ്പെട്ട സാമാജികരേ' എന്നടക്കം നിയമസഭാംഗങ്ങളെ സംബോധന ചെയ്ത് മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്.

Next Story

RELATED STORIES

Share it