Kerala

സെക്രട്ടേറിയറ്റിലെ അധിക ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കാന്‍ സര്‍ക്കാര്‍

സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം പരിഷ്‌കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അഡീഷണല്‍, ജോയിന്റ്, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചത്.

സെക്രട്ടേറിയറ്റിലെ അധിക ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കാന്‍ സര്‍ക്കാര്‍
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അധിക ജീവനക്കാരെ സെക്രട്ടേറിയറ്റിനു പുറത്തെ വിവിധ വകുപ്പുകളില്‍ പുനര്‍വിന്യസിക്കണമെന്ന ഉദ്യോഗസ്ഥസമിതി റിപ്പോര്‍ട്ട് സര്‍ക്കാർ വീണ്ടും പരിഗണിക്കുന്നു. ലോക്ക് ഡൗണിനു തൊട്ടുമുമ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാറ്റിവച്ചിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്, മുഖ്യമന്ത്രി ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നാണു വിവരം.

ഭരണാനുകൂല സംഘടനകള്‍ ഇതിനെ എതിര്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം പരിഷ്‌കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അഡീഷണല്‍, ജോയിന്റ്, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചത്. ജോലിയില്ലാത്ത ഒട്ടേറെ തസ്തികകള്‍ കണ്ടെത്തി പുനര്‍വിന്യസിക്കുമെന്ന് ധനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ചെലവു ചുരുക്കാൻ സര്‍ക്കാര്‍ നിയമിച്ച സമിതി ഇക്കാര്യവും പരിശോധിക്കുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ ഓഫീസ് അറ്റന്‍ഡന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) തസ്തികകളില്‍ 750 പേര്‍ ജോലിചെയ്യുന്നുണ്ട്. 450 പേരെ മാത്രമേ സെക്രട്ടേറിയറ്റില്‍ ആവശ്യമുള്ളൂ എന്നും ബാക്കിയുള്ള 300 പേരെ മറ്റു വകുപ്പുകളില്‍ പുനര്‍വിന്യസിക്കണമെന്നുമാണ് പ്രധാന ശിപാര്‍ശ.

ഇ- ഫയലിങ് സമ്പ്രദായം നടപ്പിലായതോടെ ഓഫീസ് അറ്റന്‍ഡന്റുമാര്‍ക്കും ടൈപ്പിസ്റ്റുകള്‍ക്കും കാര്യമായ ജോലിയില്ലാതായി. വകുപ്പുകളില്‍ അധികമുള്ള ഇത്തരം ജീവനക്കാരെ ജോലിഭാരം കൂടുതലുള്ള ആഭ്യന്തരം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കു മാറ്റണമെന്നാണ് സമിതിയുടെ ശിപാര്‍ശ. ഓഫീസ് അറ്റന്‍ഡന്റിന് അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കാന്‍ വകുപ്പുതല പരീക്ഷ നടത്തണമെന്നാണ് മറ്റൊരു ശിപാര്‍ശ. യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ഒഴിവാക്കാനാണിത്. സെക്രട്ടേറിയറ്റിലെ സ്ഥാനക്കയറ്റങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കണമെന്നും ഇതിനായി പരിശോധനാ സംവിധാനം ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Next Story

RELATED STORIES

Share it