Kerala

ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍

ഒരാഴ്ചക്കിടെ 500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യസുരക്ഷയ്ക്ക് കര്‍ശന മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.

ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകാനും മരണം സംഭവിക്കാന്‍ സാധ്യത കൂടുതലുള്ളവരെയും നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ചക്കിടെ 500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യസുരക്ഷയ്ക്ക് കര്‍ശന മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.

ഒരാഴ്ചക്കിടെ ഏഴ് ജീവനുകള്‍ പൊലിഞ്ഞതോടെ സംസ്ഥാനത്തെ മരണസംഖ്യ 15 ആയി. 0.88 ശതമാനമാണ് മരണ നിരക്ക്. എല്ലാവരും പ്രായാധിക്യമുളളവരോ മറ്റ് ഗുരുതര രോഗങ്ങള്‍ ബാധിച്ചവരോ ആയിരുന്നു. കൊല്ലത്ത് ഇന്നലെ മരണം സ്ഥിരീകരിച്ച സേവ്യര്‍, തിരുവന്തപുരത്ത് മരിച്ച ഫാദര്‍ കെ ജി വര്‍ഗീസ് എന്നിവരുടെ രോഗ ഉറവിടംപോലും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ രോഗം ഗുരുതരമാകാന്‍ സാധ്യതയുളള വയോധികരേയും രോഗികളേയും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളേയും സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.ആരാധനാലയങ്ങള്‍ തുറക്കുമ്പോള്‍ ഇവരെ വിലക്കിയതും ഇക്കാരണത്താലാണ്.

ജനുവരി 30ന് ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്ത് രോഗികളുടെ എണ്ണം 500 കടക്കുന്നത് മേയ് ആദ്യവാരത്തില്‍ മൂന്നു മാസം കൊണ്ടാണ്. പ്രവാസികളെത്തിത്തുടങ്ങിയ മേയ് ഏഴുമുതല്‍ 27 വരെയുളള 20 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഇപ്പോള്‍ വെറും ഏഴുദിവസം കൊണ്ടാണ് 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 492 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 470 പേര്‍ പ്രവാസികളുമാണ്. 96 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 23 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക രോഗബാധിതരായി. 12. 1 ശതമാനമാണ് സമ്പര്‍ക്ക രോഗബാധിതര്‍. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തി എഴുപതിനായിരം കടക്കുമ്പോള്‍ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം പതുക്കെയാണെങ്കിലും ഉയരുന്നത് കടുത്ത വെല്ലുവിളിയാണ്. സംസ്ഥാനത്തെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം 1.7 ശതമാനം എന്ന മികച്ച തോതിലാണെന്നതാണ് ഏക ആശ്വാസം. എന്നാല്‍ ഉറവിടം അജ്ഞാതമായതും സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുന്നതുമാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്.

Next Story

RELATED STORIES

Share it