Kerala

ഗൗരിയമ്മയ്ക്ക് ഇന്ന് 102ാം പിറന്നാള്‍

തിരു - കൊച്ചി മന്ത്രിസഭ തൊട്ട് ഇന്ന് വരെ കെ ആര്‍ ഗൗരി എന്ന പേരിന് കേരള രാഷ്ട്രീയത്തില്‍ അടര്‍ത്തി മാറ്റാനാവാത്ത സ്ഥാനമുണ്ട്.

ഗൗരിയമ്മയ്ക്ക് ഇന്ന് 102ാം പിറന്നാള്‍
X

ആലപ്പുഴ: 102 തികയുമ്പോഴും പ്രായം തളര്‍ത്താത്ത വിപ്ലവ വീര്യവുമായാണ് കേരളനാടിന്റെ സമര നായിക നില്‍ക്കുന്നത്. തിരു - കൊച്ചി മന്ത്രിസഭ തൊട്ട് ഇന്ന് വരെ കെ ആര്‍ ഗൗരിയമ്മ എന്ന പേരിന് കേരള രാഷ്ട്രീയത്തില്‍ അടര്‍ത്തി മാറ്റാനാവാത്ത സ്ഥാനമുണ്ട്. ഐക്യകേരളം രൂപം കൊണ്ടതിന് ശേഷം 2011 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പോരാടനിറങ്ങിയ മറ്റൊരു വ്യക്തിയും കേരളത്തിന്റെ ചരിത്രത്തിലില്ല. അഞ്ച് തവണ മന്ത്രിയായി. 17 തിരഞ്ഞെടുപ്പുകളില്‍ 13 തവണയും വിജയിച്ചു.

കേരളത്തിന്റെ വിപ്ലവ ഭൂമിയായ ആലപ്പുഴയുടെ മണ്ണില്‍ നിന്നാണ് കളത്തില്‍ പറമ്പില്‍ രാമന്‍ ഗൗരി എന്ന ഗൗരിയമ്മ തന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. 1952ലും 1954ലും തിരുകൊച്ചി മന്ത്രിസഭയില്‍ അംഗമായി. 1957ല്‍ ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യു മന്ത്രിയായി ചുമതലയേറ്റു. ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്‌കരണ നിയമം, സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം, പാട്ടകുടിയാന്‍ നിയമം എന്നിവ അവതരിപ്പിച്ചതും ഗൗരിയമ്മ തന്നെ. സഹപ്രവര്‍ത്തകനും, ഇഎംഎസ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ടി വി തോമസിനെ വിവാഹം കഴിച്ചെങ്കിലും 1964ല്‍ അവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതോടെ ജീവിതവും പോരാട്ടവും ഇരു ചേരികളിലായി.

പിന്നീട് സിപിഎമ്മിനൊപ്പം ചേര്‍ന്ന് മുന്നോട്ട്. വനിതാ നേതാക്കള്‍ക്ക് പ്രാതിനിധ്യം കുറഞ്ഞകാലത്തും 'കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം 1987ല്‍ കേരളക്കരയാകെ അലയടിച്ചു. 1994ലാണ് സിപിഎമ്മില്‍ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലും ജീവിതത്തിലും നിലപാടുകളില്‍ ഉറച്ചുനിന്ന പെണ്‍ശൗര്യത്തെ തളര്‍ത്താന്‍ പാര്‍ട്ടി നടപടിക്കായില്ല. സിപിഎമ്മിന് മറുപടിയായി ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2001ലും 2004ലും യുഡിഎഫ് മന്ത്രി സഭയില്‍ അംഗമായി. 2006 മുതലാണ് ഗൗരിയമ്മക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത്. 2006ല്‍ സ്വന്തം തട്ടകമായ അരൂരിലും 2011ൽ ചേര്‍ത്തലയിലും പരാജയമേല്‍ക്കേണ്ടി വന്നു. ഇതോടെ യുഡിഎഫില്‍ ജെഎസ്എസിന്റെ പ്രാധാന്യം കുറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തന്നെ പടലപിണക്കങ്ങള്‍ രൂപപ്പെട്ടതോടെ 2014ല്‍ യുഡിഎഫ് വിട്ട് ജനാധിപത്യ സംരക്ഷണ സമിതി ഇടതിനൊപ്പം ചേര്‍ന്നു.

Next Story

RELATED STORIES

Share it