Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമെന്ന് റിപോര്‍ട്ട്

ഐടി സെക്രട്ടറി ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളില്‍ ആളുകള്‍ വരികയും മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമെന്ന് റിപോര്‍ട്ട്
X

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നു. ഇവര്‍ മുമ്പ് താമസിച്ചിരുന്ന തിരുവനന്തപുരം മുടവന്‍മുകള്‍ ഫ്‌ളാറ്റിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് ആരോപണവുമായി രംഗത്തുവന്നത്. ഐടി സെക്രട്ടറി ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളില്‍ ആളുകള്‍ വരികയും മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

അഞ്ചുവര്‍ഷമായി ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു. അതിന് ശേഷമാണ് കോണ്‍സുലേറ്റില്‍ ജോലികിട്ടിയത്. അതിന് ശേഷം ചില ട്രാവല്‍ ഏജന്‍സികളുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇതിനെല്ലാം ശേഷം ശിവശങ്കരന്‍ എന്നുപറയുന്ന ആള്‍ പലപ്പോഴും അവിടേയ്ക്ക് വരാറുണ്ട്. രാത്രി എട്ടുമണിയോടെയൊക്കെ വന്നാല്‍ മദ്യപിച്ച് രാത്രി ഒരുമണിക്കുശേഷമാണ് പോവുന്നത്. സ്റ്റേറ്റ് കാറിലായിരുന്നു വന്നുകൊണ്ടിരുന്നത്. ഏതാണ് വകുപ്പെന്ന് അറിയില്ലായിരുന്നു. പൂജപ്പുരയായിരുന്നു ശിവശങ്കരന്‍ താമസിച്ചിരുന്നത്. തിരിച്ചും സ്റ്റേറ്റ് കാറിലായിരുന്നു കൊണ്ടുപോയിരുന്നതെന്നും അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പറഞ്ഞു.

ഐടി സെക്രട്ടറിക്കെതിരേ നിരവധി തവണ പോലിസിനെ വിളിച്ചറിയിച്ചിരുന്നതായി താമസക്കാര്‍ പറയുന്നു. എന്നാല്‍, പോലിസ് നടപടി സ്വീകരിച്ചിരുന്നില്ല. രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോവുന്നതിന് ഗെയ്റ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരില്‍ സ്വപ്‌നയുടെ രണ്ടാമത്തെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും താമസക്കാര്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it