Kerala

സ്പീക്കർ ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയും ഒളിവിൽ

സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല.

സ്പീക്കർ ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയും ഒളിവിൽ
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിനൊപ്പം സ്പീക്കർ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമ സന്ദീപ് നായർ ഒളിവിൽ. കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന സംശയമാണ് ഉയരുന്നത്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്.

സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാവുകയാണ്. പോലിസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

ഇതിനിടെ സ്വപ്ന സുരേഷ് താമസിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ വൈറ്റ് ഡാമർ ഹോട്ടലിൽ രാത്രി വൈകി പൊലിസ് പരിശോധന നടത്തി. സ്വപ്ന എത്തിയെന്ന പ്രചാരണത്തെത്തുടർന്ന് തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു.

2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബൺ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്‍റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്ക‌ർ തള്ളിക്കളയുകയും ചെയ്തു.

Next Story

RELATED STORIES

Share it