Kerala

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമം; ആഗസ്തിൽ ഗൃഹസന്ദർശനം സംഘടിപ്പിക്കും- കോടിയേരി

സർക്കാരിനും പാർട്ടിക്കും ഒന്നും ഒളിക്കാനില്ല. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎം പൂർണ പിന്തുണ നൽകുമെന്നും കോടിയേരി വ്യക്തമാക്കി.

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമം; ആഗസ്തിൽ ഗൃഹസന്ദർശനം സംഘടിപ്പിക്കും- കോടിയേരി
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ മനപൂർവം വലിച്ചിഴക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. വിവാദമായ സ്വർണക്കടത്ത് കേസ് ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനും പാർട്ടിക്കും ഒന്നും ഒളിക്കാനില്ല. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎം പൂർണ പിന്തുണ നൽകുമെന്നും കോടിയേരി വ്യക്തമാക്കി. സർക്കാരിനെതിരായ വ്യാജ പ്രചരണങ്ങൾ തുറന്നുകാട്ടാൻ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഗസ്ത് ആദ്യവാരം മുതൽ ഗൃഹസന്ദർശനം സംഘടിപ്പിക്കും. ഇതിലൂടെ വ്യാജപ്രചാരണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കേസിൽ ആരോപണം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റിയിരുന്നു. ശിവശങ്കറിന് പങ്കുണ്ടെന്ന ഒരു റിപ്പോർട്ടും അന്വേഷണ ഏജൻസികൾ നൽകിയിട്ടില്ല. എന്നാലും നടപടിയെടുക്കാൻ സർക്കാർ തയ്യാറായി. മാതൃകപരമായ രീതിയിലാണ് സർക്കാർ തീരുമാനമെടുത്തത്. സ്വർണക്കടത്ത് കേസ് സോളാർ കേസുമായി താരതമ്യപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. എന്നാൽ സോളാറിൽ ആരോപണ വിധേയൻ മുഖ്യമന്ത്രി തന്നെയാണ്. മന്ത്രിമാർക്ക് എതിരേയും അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരേ ഇവിടെ ഒരു ആരോപണവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ മനപൂർവം കരുവാക്കാൻ പ്രതിപക്ഷം ശ്രമിച്ചു. എന്നാൽ മുഖ്യമന്ത്രിയും ഓഫീസും ശുദ്ധമാണെന്ന് തെളിയിക്കാനായെന്നും കോടിയേരി വ്യക്തമാക്കി.

കേസിൽ വമ്പൻമാർ കുടുങ്ങട്ടെ എന്ന ധീരമായ നിലപാട് മുഖ്യമന്ത്രി എടുത്തു. എന്നാൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ പ്രചാരണം തുടരുന്നു. ശിവശങ്കറിനെ സസ്പെൻഡ് ചെയ്തപ്പോൾ തന്നെ പ്രതിപക്ഷം പിൻമാറേണ്ടതായിരുന്നു. കേസിൽ കസ്റ്റംസിന്റേത് ധീരമായ നടപടിയാണ്. എൻഐഎ അന്വേഷണം കേസിന് കൂടുതൽ ഗൗരവപരമായ മാനം നൽകി. തുടർഭരണത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ജനങ്ങൾ തള്ളി കളയുമെന്നും കോടിയേരി പറഞ്ഞു.

കേസിൽ കോൺഗ്രസിനും ബിജെപിക്കും രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും കോടിയേരി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പ്രചാരവേല തുറന്നുകാണിക്കും. സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണി ബിജെപി കേന്ദ്ര നേതാവ് നടത്തി. സർക്കാരിനെ ഇല്ലാതാക്കുക എന്നതാണ് ബിജെപി ലക്ഷ്യമെന്ന് ഇതിലൂടെ തെളിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിച്ച പാർട്ടിയാണ് ബിജെപി. അക്രമ സ്വഭാവമുള്ള ബിജെപിയുടെ സമരത്തിന് കോൺഗ്രസും മുസ്ലീം ലീഗും പിന്തുണ നൽകുന്നു. സ്വർണം വിട്ടുകിട്ടാൻ വിളിച്ചത് ബിഎംഎസ് നേതാവാണ്. കേരളത്തിലേക്ക് വന്ന സ്വർണത്തിന്റെ നിറം ചുവപ്പല്ല എന്ന് ബിജെപിക്ക് മനസ്സിലായി. കേരളത്തിലെത്തിയ സ്വർണത്തിന്റെ നിറം കാവിയും പച്ചയുമാണെന്ന് തെളിഞ്ഞു. സർക്കാർ വിരുദ്ധ പ്രചരണമായി കേസിനെ മാറ്റുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷത്തിന്റെ ഈ ഗൂഢലക്ഷ്യം ജനങ്ങൾ മനസ്സിലാക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Next Story

RELATED STORIES

Share it