Kerala

അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമെന്ന് കേന്ദ്രം; കുടുക്കിയത് ഒറ്റുകാരെന്ന് സ്വപ്‌നയുടെ മൊഴി

ഇവര്‍ ഇത്തരത്തില്‍ 2019 ജനുവരി മുതല്‍ സ്വര്‍ണം നിര്‍ബാധം കടത്തി. ഇതോടെ മറ്റു മാഫിയ സംഘാംഗങ്ങള്‍ക്കു ബിസിനസ് നഷ്ടമായി.

അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമെന്ന് കേന്ദ്രം; കുടുക്കിയത് ഒറ്റുകാരെന്ന് സ്വപ്‌നയുടെ മൊഴി
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം. ലഭിച്ച മൊഴികളില്‍ അറ്റാഷെയ്ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍ഐഎ സംഘത്തെ ദുബായില്‍ എത്തി മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫൈസര്‍ ഫരീദിൻ്റെ നാടുകടത്തല്‍ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലമെൻ്ററി സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ വിവരം നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെൻ്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദം വന്‍ ചര്‍ച്ചയായിരിക്കെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുടെ പിന്‍ബലത്തിലാണ് അറ്റാഷെ നാടുവിട്ടത്. സ്വര്‍ണ്ണക്കടത്തിന് അറ്റാഷെയ്ക്ക് കമ്മീഷന്‍ നല്‍കിയിരുന്നതായാണ് സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, സ്വര്‍ണക്കടത്തു മാഫിയകള്‍ തമ്മിലുള്ള കിടമല്‍സരമാണ് സ്വര്‍ണക്കടത്ത് വിവരം ചോരാനിടയാക്കിയതെന്നു സ്വപ്ന സുരേഷ് എന്‍ഐഎക്കു നല്‍കിയ മൊഴിയില്‍ പറയുന്നു. പലവിധത്തില്‍ വിമാനത്താവളം വഴി സ്വര്‍ണം കൊണ്ടുവരുന്ന നിരവധി സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധന ശക്തമാക്കിയതോടെ മറ്റു പോംവഴികള്‍ തേടുന്നതിനിടെയാണ് നയതന്ത്ര ബാഗേജ് വഴിയും കൊണ്ടുവരാമെന്ന ആശയം നാലാം പ്രതി സന്ദീപ് നായര്‍ ഒന്നാംപ്രതി സരിത്തുമായി ചര്‍ച്ച ചെയ്തത്. രണ്ടുകൂട്ടരും ചേര്‍ന്നു സ്വപ്നയുടെ സഹായം തേടുകയായിരുന്നു. ഇവര്‍ ഇത്തരത്തില്‍ 2019 ജനുവരി മുതല്‍ സ്വര്‍ണം നിര്‍ബാധം കടത്തി. ഇതോടെ മറ്റു മാഫിയ സംഘാംഗങ്ങള്‍ക്കു ബിസിനസ് നഷ്ടമായി. സംഘത്തലവന്മാര്‍ കൂട്ടാളികളുമായി ഇടഞ്ഞതോടെ സ്വര്‍ണം പോവുന്ന വഴി ഇവര്‍ മനസിലാക്കി. സ്വപ്നയും സരിത്തും ചേര്‍ന്നു വലിയൊരു സ്വര്‍ണ മാഫിയാ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതറിഞ്ഞ എതിര്‍ ചേരി വിവരം അന്വേഷണ ഏജന്‍സികളെ അറിയിക്കുകയായിരുന്നു. ഇത്തരം സ്വര്‍ണക്കടത്തു ബിസിനസില്‍ പണംമുടക്കാന്‍ തയ്യാറായവരെ കണ്ടെത്തിയിരുന്നത് കെ ടി റമീസാണ്. അവരില്‍നിന്നു പണം പിരിച്ചു ഹവാല വഴി ഗള്‍ഫിലെത്തിക്കും. അവിടെനിന്നു സ്വര്‍ണമായി തിരിച്ചു കേരളത്തില്‍ വരികയാണ്. ഹവാലയും റിവേഴ്സ് ഹവാലയും ഒരുപോലെ സ്വര്‍ണക്കടത്തില്‍ നടക്കുന്നതായും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it