Kerala

ഈന്തപ്പഴത്തിന്റെ പേരിൽ വലിയതോതിൽ സ്വർണ്ണ കള്ളക്കടത്ത് നടന്നു: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ പി ജയരാജന്റേയും കെ ടി ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.

ഈന്തപ്പഴത്തിന്റെ പേരിൽ വലിയതോതിൽ സ്വർണ്ണ കള്ളക്കടത്ത് നടന്നു: ചെന്നിത്തല
X

തിരുവനന്തപുരം: ഈന്തപ്പഴത്തിന്റെ പേരിൽ വലിയ തോതിലുള്ള സ്വർണ്ണ കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസർ അറിയാതെ ഇതൊന്നും കൊണ്ടുവരാൻ പറ്റില്ല. ഇവിടെ എംബസി ഇല്ലാത്തതിനാൽ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത് പ്രോട്ടോക്കോൾ ഓഫീസറാണ്. സ്വർണക്കടത്തിൽ പ്രോട്ടോക്കോൾ ഓഫീസറുടെ പങ്ക് എന്താണെന്ന് വളരെ ഗൗരവപൂർവ്വം അന്വേഷിക്കണം. യുഎഇ കൗൺസിലേറ്റിലെ ഉദ്യോഗസ്ഥർ 10 വർഷം തിന്നാൽ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വർഷത്തിനുള്ളിൽ അവിടേക്കെന്ന് പറഞ്ഞ് ഇറക്കുമതി ചെയ്തത്. ഈന്തപ്പഴം തന്നെയാണോ അവിടേക്ക് വന്നതെന്നതിൽ സംശയമുണ്ട്. ഈന്തപ്പഴത്തിന്റെ മറവിൽ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം. ഡിപ്ലോമാറ്റിക് ചാനലിൽ ഈന്തപ്പഴ കച്ചവടമാണോ നടക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ പോലെ സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ പി ജയരാജന്റേയും കെ ടി ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണം മുറുകുമ്പോൾ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നും പറഞ്ഞിരുന്നു. കേന്ദ്ര ഏജൻസികളെ വിളിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോൾ പാർട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്തപ്പോൾ ഇഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു. മന്ത്രി പുത്രനിലേക്ക് അന്വേഷണം എത്തിയപ്പോഴും ഇഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നു.

എന്തിനാണ് ക്വാറന്റീനിൽ കഴിയുന്ന ഇ പി ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കർ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ പി ജയരാജൻ പറയണം. മകന് സ്വപ്ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറിൽ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജൻ പറയണം. ഇതൊക്കെ പുറത്ത് വരുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥത പെടുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ആളുകൾക്ക് കുടപിടിച്ചിട്ട് അത് പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങൾക്ക് നേരെ ആക്രോശിച്ചിട്ട് കാര്യമില്ല. ഈ സർക്കാരിനെ ജനങ്ങൾ വെറുക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it