Kerala

ആഗോള അയ്യപ്പ സംഗമം; അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് മനസിലായി: കെസി വേണുഗോപാല്‍

ആഗോള അയ്യപ്പ സംഗമം; അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പ് മനസിലായി: കെസി വേണുഗോപാല്‍
X

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് മനസിലായെന്ന് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെസേജ് വായിക്കാന്‍ ദേവസ്വം മന്ത്രിക്ക് വലിയ ആവേശമായിരുന്നെന്നും കെ സി വിമര്‍ശിച്ചു. അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ വോട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തിയത്. വിശ്വാസം അഭിനയിക്കുന്നവരെ പേടിക്കണമെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്റെ വേദി ആക്കരുതെന്നും ഇത് നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നെന്നും 10 കൊല്ലത്തെ ഭരണം തീരാന്‍ പോകുമ്പോള്‍ അല്ല ഈ ചിന്ത വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടത്. 4000 ത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വേണെമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നല്‍കിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആള്‍ വേണമെന്നാണോ എന്നും ഗോവിന്ദന്‍ ചോദിച്ചു. സംഗമം പരാജയമെന്നത് മാധ്യമ പ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.




Next Story

RELATED STORIES

Share it