Kerala

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് നാലുവര്‍ഷം; കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്

2016 ഏപ്രില്‍ 10നു പുലര്‍ച്ചെ 3.17നാണ് അപകടം നടന്നത്. വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാന്‍ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് നാലുവര്‍ഷം; കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്
X

കൊല്ലം: പരവൂര്‍ പുറ്റിങ്ങലിലെ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് നാലുവര്‍ഷം തികയുന്നു. കേരളം കണ്ട ഏറ്റവും വലിയ അപകടം നടന്ന് നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാതെ മുന്നോട്ടു പോവുകയാണ്. കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണസംഘം. അന്നത്തെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ഇതുവരെ നടപടി ഉണ്ടായില്ല. 10,000 പേജുള്ള കുറ്റപത്രമാണ് തയ്യാറായിട്ടുള്ളത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കരാറുകാരും ഉള്‍പ്പെടെ 59 പേരാണ് നിലവില്‍ പ്രതിപട്ടികയില്‍. വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിനും തീരുമാനമായില്ല.

സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇനിയും അകലെയാണ്. പിഡബ്ല്യൂഡി ബില്‍ഡിങ്സ് വിഭാഗത്തിനായിരുന്നു നാശനഷ്ടം വിലയിരുത്താനുള്ള ചുമതല. 5000 രൂപ മുതല്‍ 35 ലക്ഷം രൂപ വരെ ഇവര്‍ നഷ്ടപരിഹാരം തിട്ടപ്പെടുത്തി. പക്ഷേ പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ഫണ്ടില്‍ നിന്നു നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതാണു വിനയായത്. പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിനുള്ള ഫണ്ടില്‍ നിന്നു പരമാവധി 1,90,000 രൂപ വരെ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂ. 35 ലക്ഷം രൂപ നഷ്ടമുണ്ടായവര്‍ക്കും രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായവര്‍ക്കും 1,90,000 രൂപ വാങ്ങി തിരികെപ്പോകേണ്ട അവസ്ഥ.

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ അന്നത്തെ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, എഡിഎം എന്നിവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് ജസ്റ്റിസ് എസ്. ഗോപിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉത്സവസമിതിക്കാരെയും പടക്കക്കരാറുകാരെയും കൂടാതെ ജില്ലാഭരണകൂടവും സംഭവത്തില്‍ ഉത്തരവാദികളാണ്. ജൂലൈയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജനുവരിയില്‍ പരിഗണിക്കുകയും നടപടിക്ക് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുന്‍ എം.പി എന്‍ പീതാംബരക്കുറുപ്പ് ജില്ലാഭരണകൂടത്തെ സ്വാധീനിച്ചതായി കമ്മിഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സ്‌ഫോടനത്തില്‍ തകര്‍ന്ന വെടിക്കെട്ട് പുരയുടെ അവശിഷ്ടങ്ങള്‍ ക്ഷേത്ര മൈതാനിയില്‍ ഇന്നും കാണാം. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 110 പേരുടെ ഓര്‍മ്മകുടീരവും തൊട്ടടുത്തുണ്ട്. കരിമരുന്നുപ്രയോഗം സമാപനത്തോടടുക്കവെയാണ് മഹാദുരന്തമുണ്ടായത്. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇന്നും പ്രദേശവാസികളെ വേട്ടയാടുന്നു. നാലുവര്‍ഷം മുമ്പ് പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉല്‍സവത്തിന് സമാപനം കുറിച്ചു നടന്ന വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, കമ്പം തുടയിട്ടും പോലിസ് തടഞ്ഞില്ല. പിന്നാലെ മത്സരക്കമ്പവും. നിരോധന ഉത്തരവ് മറികടന്ന ക്ഷേത്രക്കമ്മിറ്റി, കൃത്യനിര്‍വ്വഹണം മറന്ന പോലിസ്, കമ്പം കത്തിക്കാനായി കൊണ്ടുപോയവരുടെ അശ്രദ്ധ ഇതെല്ലാം ദുരന്തം ക്ഷണിച്ചുവരുത്തുകയായിരുന്നു. വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ 110 പേരാണു കൊല്ലപ്പെട്ടത്. എഴുന്നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. നൂറിലധികം വീടുകള്‍ തകര്‍ന്നു.

2016 ഏപ്രില്‍ 10നു പുലര്‍ച്ചെ 3.17നാണ് അപകടം നടന്നത്. വെടിക്കെട്ട് നടത്തുന്നതിനിടെ മുകളിലേക്കു കത്തിച്ചു വിട്ട സൂര്യകാന്തി പടക്കങ്ങളിലൊന്നു കത്തിക്കാന്‍ വച്ചിരുന്ന പടക്കങ്ങളിലേക്കു വീണു പൊട്ടിത്തെറിക്കുകയായിരുന്നു. പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം അപ്പാടെ തകര്‍ന്നു. ഇതിന്റെ കോണ്‍ക്രീറ്റും ഇരുമ്പുകമ്പികളും പതിച്ചാണ് അനവധി പേര്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട മിക്കവരുടെയും ശരീരങ്ങള്‍ ഛിന്നഭിന്നമായി. ഒരു കിലോമീറ്ററോളം അകലെ പരവൂര്‍ നഗരത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കളുടെ മേല്‍ കോണ്‍ക്രീറ്റ് പാളി പതിച്ച് ഒരു യുവാവും മരണപ്പെട്ടു.

Next Story

RELATED STORIES

Share it