Kerala

വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിച്ചു

ജൂലൈ 28നാണ് മത്തായിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 31നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു.

വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിച്ചു
X

പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിച്ചു. കുടപ്പനക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. മത്തായി മരിച്ച് 40 ദിവസത്തിന് ശേഷമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ജൂലൈ 28നാണ് മത്തായിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 31നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു.

എന്നാല്‍, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് കുടുംബം നടത്തിയ പോരാട്ടം ഇതിനോടകം ശ്രദ്ധേയമായി മാറുകയായിരുന്നു. ആരോപണവിധേയരായ വനപാലകരെ അറസ്റ്റുചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. തുടര്‍ന്നാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സിബിഐ അന്വേഷണത്തിന് ആഗസ്ത് 21ന് ഹൈക്കോടതി ഉത്തരവായതിനു പിന്നാലെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും സിബിഐ തീരുമാനിച്ചു.

വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചതോടെ മൃതദേഹം ഇന്ന് സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കാമറ നശിപ്പിച്ചെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it