Kerala

ഫുട്‌ബോള്‍ ഇതിഹാസം മെസി ഇന്ത്യന്‍ മണ്ണിലെത്തി

ഫുട്‌ബോള്‍ ഇതിഹാസം മെസി ഇന്ത്യന്‍ മണ്ണിലെത്തി
X

കൊല്‍ക്കത്ത: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യന്‍ മണ്ണില്‍. പുലര്‍ച്ചെ 2.26 ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ അതീവ സുരക്ഷയോടെയാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം എത്തിയത്. 'GOAT ഇന്ത്യ ടൂര്‍ 2025' നോട് അനുബന്ധിച്ചാണ് ഇന്ത്യയില്‍ എത്തിയത്.

ആകാശനീല ജേഴ്സികളും സ്‌കാര്‍ഫുകളും പതാകകളും കൊണ്ട് നിറഞ്ഞ ഒരു അര്‍ജന്റീനിയന്‍ ഫാന്‍ ക്ലബ്ബ് പോലെയായിരുന്നു കൊല്‍ക്കത്ത നഗരം. ബാരിക്കേഡുകള്‍, പോലിസ് വിന്യാസം, നിര്‍ത്താതെയുള്ള ആര്‍പ്പുവിളികള്‍ എന്നിവയ്ക്കിടയില്‍ നഗരത്തിലുടനീളം 'മെസി മാനിയ' രൂപംകൊണ്ടു. മെസിയുടെ ദീര്‍ഘകാല സ്‌ട്രൈക്ക് പങ്കാളി ലൂയിസ് സുവാരസ്, അര്‍ജന്റീന സഹതാരം റോഡ്രിഗോ ഡി പോള്‍ എന്നിവരും മെസിയോടൊപ്പം എത്തിയിരുന്നു.

സ്‌പോണ്‍സര്‍മാരുടെ കൂടിക്കാഴ്ചയോടെ മെസി തന്റെ 'GOAT ഇന്ത്യ ടൂര്‍' ആരംഭിച്ചു കൊല്‍ക്കത്ത ശ്രീഭൂമി സ്പോര്‍ടിങ് ക്ലബ് നിര്‍മിച്ച 70 അടി ഉയരമുള്ള മെസി പ്രതിമയും അദ്ദേഹം അനാവരണം ചെയ്യും. ഉച്ചയ്ക്കു ശേഷം ഹൈദരാബാദിലേക്കു തിരിക്കുന്ന മെസി ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന മല്‍സരം കളിക്കുകയും സംഗീത നിശയിലും പങ്കെടുക്കുകയും ചെയ്യും. തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്കും തെലുഗു സിനിമാ താരങ്ങള്‍ക്കുമൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കും. തിങ്കളാഴ്ച ഡല്‍ഹിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഡിസംബറിലെ തണുപ്പിനെ പോലും അവഗണിച്ച് ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരത്തെ കാണാന്‍ അര്‍ധരാത്രി വരെ കാത്തിരുന്നത്. മെസിയെ വന്‍ സുരക്ഷയോടെയാണ് വിഐപി ഗേറ്റിന് പുറത്തുകൂടെ കൊണ്ടുപോയത്. ആരാധകര്‍ അവരുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ ഗേറ്റുകള്‍ക്കിടയിലൂടെ ഓടി. ഒരു വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് അദ്ദേഹം ഹോട്ടല്‍ ഹയാത്ത് റീജന്‍സി ലോബിയില്‍ എത്തിയത്.

രാത്രി മുഴുവന്‍ അദ്ദേഹത്തെ കാത്ത് ഒരു ജനക്കൂട്ടം തന്നെ അവിടെ കാവലുണ്ടായിരുന്നു. മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിന് മുന്നോടിയായി നഗരത്തിലുടനീളം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്, എല്ലാ ക്രോസിംഗുകളിലും പോലിസുകാരെ വിന്യസിച്ചു.

'കൊല്‍ക്കത്തയ്ക്ക് ഈ നിമിഷം ചരിത്രപരമായ നിമിഷമാണ്, 2011 ല്‍, ക്യാപ്റ്റനായതിനുശേഷം അദ്ദേഹം വന്നു, പക്ഷേ ഇപ്പോള്‍ ലോകകപ്പും എട്ടാമത്തെ ബാലണ്‍ ഡി ഓറും നേടിയ ശേഷമാണ് അദ്ദേഹം വരുന്നത്. അതിനാല്‍, ഇത് ശരിക്കും സവിശേഷമാണ്. അദ്ദേഹം വീണ്ടും വരുമെന്ന് ഞാന്‍ കരുതുന്നില്ല, അതിനാല്‍ ഇത് ആഘോഷത്തിന്റെ ദിവസമാണ്' മെസിയെ വിമാനത്താവളത്തില്‍ സ്വീകരിച്ച ടൂര്‍ പ്രൊമോട്ടറായ സതദ്രു ദത്ത പറഞ്ഞു.

മെസിയുടെ സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു യഥാര്‍ഥ പ്രേരണ നല്‍കുമെന്നും ഒരു ഫുട്‌ബോള്‍ താരത്തിനായി ഇത്രയധികം സ്‌പോണ്‍സര്‍മാര്‍ ഒത്തുചേര്‍ന്നത് ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഗുകളും അര്‍ജന്റീനിയന്‍ ജേഴ്സി നിറത്തിലുള്ള വസ്ത്രവും ധരിച്ച് കുറച്ച് ആരാധകര്‍ എത്തി. 'ഇത് ജീവിതത്തിലെ ഒരു അവസരമാണ്. ഇന്ന് ഞങ്ങള്‍ ഉറങ്ങില്ല, രാവിലെ നേരെ സ്റ്റേഡിയത്തിലേക്ക് പോകും. ഇന്ന് ആഘോഷത്തിന്റെ ദിനമാണ്,' - ആരാധകന്‍ പറഞ്ഞു.

രാത്രി മുഴുവന്‍ കാത്തിരുന്നിട്ടും തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ പറ്റാതെ നിരവധി ആരാധകര്‍ മടങ്ങി. കനത്ത സുരക്ഷ കാരണം മെസിയെ വിമാനത്താവളത്തില്‍ നിന്ന് പിന്‍വാതിലിലൂടെയാണ് 'ഹോട്ടല്‍ ഹയാത്ത് റീജന്‍സി ലോബി'യിലേക്ക് കൊണ്ടുപോയത്. പുലര്‍ച്ചെ 3.30വരെ കാത്തിരുന്നിട്ടും നൂറുകണക്കിന് പേരാണ് താരത്തെ കാണാതെ മടങ്ങിയത്. മുലയൂട്ടുന്ന അമ്മാരും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ ഹോട്ടലില്‍ എത്തി. ഹോട്ടലിനടുത്തും ശൈത്യകാല തണുപ്പിനെ അതിജീവിച്ച് മെസിയെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

ഹോട്ടലില്‍, ഏഴാം നിലയല്‍ 730-ാം നമ്പര്‍ മുറിയിലാണ് മെസി താമസിക്കുന്നത്. സുരക്ഷ മുന്‍ നിര്‍ത്തി ഏഴാം നില മൊത്തം സീല്‍ ചെയ്തിരിക്കുകയാണ്. ചില ആരാധകര്‍ മെസിയോട് കഴിയുന്നത്ര അടുത്ത് താമസിക്കാന്‍ ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.





Next Story

RELATED STORIES

Share it