Kerala

പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമപുരസ്‌കാരം ജിമ്മി ഫിലിപ്പിനും സുനില്‍ ബേബിക്കും

പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമപുരസ്‌കാരം ജിമ്മി ഫിലിപ്പിനും സുനില്‍ ബേബിക്കും
X

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരൂര്‍ അര്‍ബന്‍ കോ- ഓപറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ്‌ക്ലബ്ബാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അച്ചടി മാധ്യമ വിഭാഗത്തില്‍ ദീപിക ദിനപത്രത്തിലെ ജിമ്മി ഫിലിപ്പും ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയാ വണ്ണിലെ മുന്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സുനില്‍ ബേബിയും അവാര്‍ഡിന് അര്‍ഹരായി. ആലങ്കോട് ലീലാകൃഷ്ണന്‍, എന്‍ പി രാജേന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എബ്രഹാം മാത്യു എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

2019 നവംബര്‍ 14 മുതല്‍ 19 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച 'കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ' എന്ന പരമ്പരയ്ക്കാണ് ജിമ്മി ഫിലിപ്പിന് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ മീഡിയാ വണ്‍ സംപ്രേഷണം ചെയ്ത 'തീക്കനല്‍ക്കര' എന്ന ന്യൂസ് സ്റ്റോറിയാണ് സുനില്‍ ബേബിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറഖ്, സെക്രട്ടറി കെ പി എം റിയാസ്, തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, വൈസ് ചെയര്‍മാന്‍ ദിനേശ് പൂക്കയില്‍, ഡയറക്ടര്‍ ബഷീര്‍ കൊളക്കാട് പങ്കെടുത്തു.

Next Story

RELATED STORIES

Share it