Kerala

മുഹമ്മദ് ഷഹബാസിന് വിട; കെടവൂര്‍ ജുമാ മസ്ജിദില്‍ അന്ത്യനിദ്ര

മുഹമ്മദ് ഷഹബാസിന് വിട; കെടവൂര്‍ ജുമാ മസ്ജിദില്‍ അന്ത്യനിദ്ര
X

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടില്‍ എത്തിച്ചത്. കിടവൂര്‍ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് ശേഷം കെടവൂര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ ഷഹബാസിനെ അവസാന നോക്കുകാണാന്‍ നിരവധി പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്.

ഇന്നലെ രാത്രി 12.30 ഓടെയാണ് ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഷഹബാസ്. ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.








Next Story

RELATED STORIES

Share it