Kerala

എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ അഞ്ചാംപ്രതി ജീവനൊടുക്കി

കൂനിച്ചിമലയുടെ അടിവാരത്തിലെ ഒളിത്താവളത്തിലാണ് മൃതദേഹം കണ്ടത്. കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേരെ ആര്യങ്കോട് പോലിസ് അറസ്റ്റുചെയ്തു.

എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ അഞ്ചാംപ്രതി ജീവനൊടുക്കി
X

തിരുവനന്തപുരം: വ്യാജച്ചാരായ വിൽപനകേന്ദ്രത്തിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ അഞ്ചാം പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വട്ടപ്പറമ്പ് ശരത് ഭവനിൽ സത്യൻ(52) ആണ് മരിച്ചത്. കൂനിച്ചിമലയുടെ അടിവാരത്തിലെ ഒളിത്താവളത്തിലാണ് മൃതദേഹം കണ്ടത്.

കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേരെ ആര്യങ്കോട് പോലിസ് അറസ്റ്റുചെയ്തു. സത്യന്റെ സഹോദരനും ഒന്നാം പ്രതിയുമായ വട്ടപ്പറമ്പ് തടത്തരികത്ത് വീട്ടിൽ സജികുമാർ(46), മൂന്നാം പ്രതി സത്യന്റെ മകൻ ശരത്(26), ഒമ്പതാം പ്രതി വട്ടപറമ്പ് സ്വദേശി ബിനു(46) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ സ്വരൂപ് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റിരുന്നു.

ഏപ്രിൽ 19ന് രാത്രിയിലാണ് സംഭവം നടന്നത്. വെള്ളറട ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് കടവൻകുഴിയിലെ പുരയിടത്തിൽ വ്യാജച്ചാരായ വിൽപ്പന നടത്തുകയായിരുന്ന ഒന്നാം പ്രതി സജികുമാറിനെ എക്സൈസ് സംഘം പിടികൂടി. 39 ലിറ്റർ ചാരായവും കണ്ടെടുത്തു. പിന്നീട് ഇയാളെ വിലങ്ങണിയിച്ച് വാഹനത്തിനടുത്തേക്കു കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സത്യനും പിടിയിലായവരും ഉൾപ്പെടെ 30 ഓളം പേർ ചേർന്ന് എക്സൈസ് സംഘത്തെ ആക്രമിച്ച് സജികുമാറിനെ മോചിപ്പിച്ച് ചാരായവുമായി കടന്നതായി പോലിസ് പറഞ്ഞു.

തുടർന്ന് കൊലപാതകശ്രമത്തിന് ആര്യങ്കോട് പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഒളിവിൽക്കഴിഞ്ഞിരുന്ന സത്യനെ ഒളിത്താവളത്തിലെ മരത്തിൽ തൂങ്ങിമരിച്ചത്. ഒന്നാം പ്രതി സജികുമാറും ജ്യേഷ്ഠസഹോദരൻ സത്യനും മകൻ ശരത്തും കൂനിച്ചി മലയടിവാരത്തിലെ പാറക്കെട്ടിൽ 26ന് രാത്രിയിലാണ് എത്തിയത്. അവിടെ ഒളിച്ചു താമസിച്ചു വരുന്നതിനിടെ ഇന്നലെ രാവിലെയാണ് സത്യനെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പിന്നീട് മൃതദേഹം മരത്തിൽനിന്ന് ഇറക്കിയ ശേഷം സജികുമാറും ശരത്തും ബന്ധുക്കളെ വിവരമറിയിക്കാനായി മലയിറങ്ങുമ്പോൾ സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് വെള്ളറട പോലിസിൽ ഏൽപ്പിച്ചു. പിന്നീട് പ്രതികളെ ആര്യങ്കോട് പോലിസിനു കൈമാറി. ഒമ്പതാം പ്രതിയായ ബിനുവിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാർ, ആര്യങ്കോട് സിഐ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വെള്ളറട പോലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സത്യന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുലോചന, മറ്റു മക്കൾ: ജിൻസി, ജിഷ.

Next Story

RELATED STORIES

Share it