Kerala

ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനും : ഡോ.സെബാസ്റ്റ്യന്‍ പോള്‍

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ആറ് സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നുണ്ട്. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കുന്നതിനുള്ള അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയില്‍ പറയുന്ന ചിന്താ സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ വിട്ടുവീഴ്ചയില്ലാത്ത ഘടകങ്ങളാണ്. ഇവയില്ലെങ്കില്‍ നമ്മളില്ല, ജീവിതമില്ല, സ്വാതന്ത്ര്യവുമില്ല

ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനും : ഡോ.സെബാസ്റ്റ്യന്‍ പോള്‍
X

കൊച്ചി: ഇന്ത്യയുടെ മതാതീതമായ ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് മുന്‍ എംപി ഡോ.സെബാസ്റ്റ്യന്‍ പോള്‍.ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് മലയാളം വിഭാഗം, കെ എം. അലിയാര്‍ വായനശാല, മഹിളാ മണ്ഡലം വായന ശാല എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഭരണഘടനയെ ശ്രേഷ്ഠമാക്കുന്നത് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൂല്യങ്ങളാണ്.മതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മതാതീതമായ ഭരണഘടനയ്ക്കാണ് ഇന്ത്യ രൂപം കൊടുത്തത്. ഭരണഘടനയുടെ കാവലും കരുതലുമാണ് പൗരന്മാര്‍. ഭരണഘടനയെ നമ്മള്‍ സംരക്ഷിച്ചാല്‍ ഭരണഘടന നമ്മളെ സംരക്ഷിക്കുമെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി ചിന്തിക്കുന്നതിന് അവസരമുണ്ടെങ്കില്‍ അത് മറ്റ് സ്വാതന്ത്ര്യങ്ങളേക്കാള്‍ മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ വാക്കുകള്‍ക്ക് ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. അതിനു ശേഷം എഴുതപ്പെട്ട എല്ലാ ഭരണഘടനയിലും ഈ വാക്കുകള്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലും ഈ വാക്കുകളുണ്ട്.

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ആറ് സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നുണ്ട്. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കുന്നതിനുള്ള അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയില്‍ പറയുന്ന ചിന്താ സ്വാതന്ത്ര്യം ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ വിട്ടുവീഴ്ചയില്ലാത്ത ഘടകങ്ങളാണ്. ഇവയില്ലെങ്കില്‍ നമ്മളില്ല, ജീവിതമില്ല, സ്വാതന്ത്ര്യവുമില്ല. സ്വതന്ത്രമായി ചിന്തിക്കുന്നതിനും ചിന്തയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അവസരമുണ്ടെങ്കില്‍ നമുക്ക് വേറെ സ്വാതന്ത്ര്യം വേണ്ട. മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും നമുക്ക് ഇതില്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ആര്‍ സുരേന്ദ്രന്‍ ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശാലിനി, എ പി ഉദയകുമാര്‍, മഹിളാ മണ്ഡലം വായനാശാല പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ ശ്രീലത വിനോദ് കുമാര്‍, മുസ്തഫ കമാല്‍, എ എ രാജേഷ്, നികിത സേവ്യര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it