Kerala

സംരംഭകരുടെ പരാതി പരിഹാരം;സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി പി രാജീവ്

മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി.

സംരംഭകരുടെ പരാതി പരിഹാരം;സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി പി രാജീവ്
X

കൊച്ചി: വ്യവസായ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. കുസാറ്റില്‍ സംഘടിപ്പിച്ച വ്യവസായ പരാതി പരിഹാര അദാലത്തില്‍ 118 അപേക്ഷകളാണ് ലഭിച്ചത്. നിരവധി പരാതികളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉടനടി പരിഹാരം കണ്ടെത്തി.പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ് 11ാം ദിവസം വ്യവസായികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതിപരിഹാര അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പി രാജീവ് അറിയിച്ചു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് അറിയിച്ച മന്ത്രി കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളില്‍ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും.

സര്‍ക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കുന്നത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവിധ ജില്ലകളിലെ വ്യവസായ രംഗത്തെ പരാതികള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനത്തിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ എഴുപതിനായിരത്തിലധികം എംഎസ്എംഇ യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വ്യവസായ സമൂഹവും സര്‍ക്കാരും തമ്മില്‍ മികച്ച ബന്ധമാണുള്ളതെന്ന് പറഞ്ഞ മന്ത്രി നാടിനെതിരായ നീക്കങ്ങളെ ഒന്നിച്ച് പ്രതിരോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കുസാറ്റില്‍ നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരായ കെ ഇളങ്കോവന്‍, എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ വികസന കോര്‍പ്പറേഷന്‍ എംഡി എം ജി രാജമാണിക്യം, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it