Kerala

എറണാകുളത്തെ പോലിസ് ലാത്തിച്ചാര്‍ജ്; മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു

യാതൊരു പ്രകോപനവുമില്ലാതെയാണ് മാര്‍ച്ചിനുനേരേ പോലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയതെന്നും ഉത്തരവാദപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പോലിസ് നടപടിയില്‍ പാര്‍ട്ടിക്കുള്ള അതൃപ്തിയും ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

എറണാകുളത്തെ പോലിസ് ലാത്തിച്ചാര്‍ജ്; മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
X

തിരുവനന്തപുരം: കൊച്ചിയിലെ ഐജി ഓഫിസിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പോലിസ് മര്‍ദിച്ചതില്‍ സര്‍ക്കാരിനെതിരേ സിപിഐയില്‍ അമര്‍ഷം പുകയുന്നു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമടക്കമുള്ള നേതാക്കള്‍ക്കുനേരേ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ നിയമസഭാ കക്ഷി നേതാവ് കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടു.

യാതൊരു പ്രകോപനവുമില്ലാതെയാണ് മാര്‍ച്ചിനുനേരേ പോലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയതെന്നും ഉത്തരവാദപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പോലിസ് നടപടിയില്‍ പാര്‍ട്ടിക്കുള്ള അതൃപ്തിയും ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി രേഖപ്പെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ എറണാകുളം ജില്ലാ കലക്ടറോട് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വൈപ്പിനിലെ സര്‍ക്കാര്‍ കോളജില്‍ എസ്എഫ്‌ഐയും എഐവൈഎഫും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് കൊച്ചി ഐജി ഓഫിസിലേക്കു സിപിഐ നടത്തിയ മാര്‍ച്ചിനു നേരെയാണു പോലിസ് ലാത്തിവീശിയത്.

എംഎല്‍എയെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി സിപിഐ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതിനെതിരേ പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴാണു സംസ്ഥാന സെക്രട്ടറി ഇടപെട്ടത്. സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം അറിയിക്കാനും അകാരണമായി ലാത്തിച്ചാര്‍ജ് നടത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേര നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ കാനം രാജേന്ദ്രനാണ് മന്ത്രി ഇ ചന്ദ്രശേഖരനെ ചുമതലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it