Kerala

ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം: കേന്ദ്ര ഏജന്‍സി പഠനം തുടങ്ങി; ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യത കുറവെന്ന് മന്ത്രി എം എം മണി

1000 മെഗാ വാട്ട് സൗരോര്‍ജ പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ബോര്‍ഡ് നടപ്പിലാക്കുന്നുണ്ട്. വൈദ്യുതി ഇടതടവില്ലാതെ എത്തിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്

ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം: കേന്ദ്ര ഏജന്‍സി പഠനം തുടങ്ങി; ജലവൈദ്യുതി പദ്ധതികള്‍ക്ക് ഇനി സാധ്യത കുറവെന്ന് മന്ത്രി എം എം മണി
X

കൊച്ചി : ഇടുക്കിയില്‍ രണ്ടാം നിലയം ആരംഭിക്കുന്നതിനുള്ള പഠനം കേന്ദ്ര ഏജന്‍സി നടത്തി വരികയാണെന്ന് മന്ത്രി എം എം മണി പറഞ്ഞു.കെ എസ് ഇ ബിയുടെ ആദ്യ 220 കെ വി ജി ഐ എസ് സബ്‌സ്റ്റേഷന്‍ കലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1000 മെഗാ വാട്ട് സൗരോര്‍ജ പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ബോര്‍ഡ് നടപ്പിലാക്കുന്നുണ്ട്. വൈദ്യുതി ഇടതടവില്ലാതെ എത്തിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ജല വൈദ്യുതിയാണ് ലാഭം എങ്കിലും നിലവില്‍ സാധ്യതകള്‍ വളരെ കുറവാണെന്നും മന്ത്രി വ്യക്തമാക്കി.

ഊര്‍ജ്ജത്തിന്റെ ആവശ്യം ദിനംപ്രതി വര്‍ധിക്കുകയാണ് . അതിനാല്‍ ഊര്‍ജ്ജത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഉപയോഗം കുറയ്ക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു കോടി എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്തു . വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറച്ചു പ്രസരണ നഷ്ടം കുറച്ചു കാര്യക്ഷമമായ വൈദ്യുതി വിതരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രവര്‍ത്തനക്ഷമമായ കെ എസ് ഇ ബിയുടെ കലൂരിലെ ആദ്യ 220 കെ വി ജി ഐ എസ് സബ്‌സ്റ്റേഷന്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലുള്‍പ്പെടുത്തി കിഫ്ബി സഹായത്തോടെയാണ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 220 കെ വി ഭൂഗര്‍ഭ കേബിള്‍ ഉപയോഗിച്ച കെ എസ് ഇ ബിയുടെ ആദ്യ പദ്ധതി കൂടിയാണിത്. ബ്രഹ്മപുരം 220 കെ വി സബ്‌സ്റ്റേഷനില്‍ നിന്ന് 4 കിലോമീറ്റര്‍ ഓവര്‍ഹെഡ് ലൈനും 7 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും സ്ഥാപിച്ചാണ് കലൂര്‍ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. 130 കോടി രൂപ ചെലവിലാണ് സ്റ്റേഷന്റെയും അനുബന്ധ ലൈനിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, വെണ്ണല, വടുതല തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനോടൊപ്പം പരിസര പ്രദേശങ്ങളിലെ ഇടപ്പള്ളി, എറണാകുളം നോര്‍ത്ത്, മറൈന്‍ ഡ്രൈവ്, പെരുമാനൂര്‍, തമ്മനം തുടങ്ങിയ സബ്‌സ്റ്റേഷനുകളിലേക്കും ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുവരുത്താന്‍ പൂര്‍ത്തിയാക്കിയ 220 കെവി സബ് സ്റ്റേഷന് കഴിയും. പ്രസരണ നഷ്ടം കുറയുന്നത് മൂലം പ്രതിവര്‍ഷം 25 കോടി രൂപയുടെ ലാഭവും കെ എസ് ഇ ബി പ്രതീക്ഷിക്കുന്നത്. പി ടി തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it