Kerala

ന്യൂജന്‍ മയക്ക് മരുന്നുമായി ബി ടെക് വിദ്യാര്‍ഥിയായ യുവാവ് പിടിയില്‍

ഇടുക്കി കാഞ്ചിയാര്‍ പേഴുക്കണ്ടം സ്വദേശിയായ ബി ടെക്ക് വിദ്യാര്‍ഥി തെക്കേ ചെരുവില്‍ വീട്ടില്‍ ആഷിക്ക് ടി സുരേഷ് (23) എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്

ന്യൂജന്‍ മയക്ക് മരുന്നുമായി ബി ടെക് വിദ്യാര്‍ഥിയായ യുവാവ് പിടിയില്‍
X

കൊച്ചി: ന്യൂജന്‍ ഉന്മാദ രാസ ലഹരി മയക്ക് മരുന്നായ കാലിഫോര്‍ണിയ 9 എന്ന എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ഇടുക്കി കാഞ്ചിയാര്‍ പേഴുക്കണ്ടം സ്വദേശിയായ ബി ടെക്ക് വിദ്യാര്‍ഥി തെക്കേ ചെരുവില്‍ വീട്ടില്‍ ആഷിക്ക് ടി സുരേഷ് (23) എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.എറണാകുളം ടൗണ്‍ പരിസരങ്ങളില്‍ എറണാകുളം റേഞ്ച് എക്‌സൈസ് നടത്തിയ രഹസ്യ നീക്കത്തില്‍ എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈറ്റില ഭാഗത്ത് നിന്ന് എംഡിഎംഎ മയക്കു മരുന്നുമായി മറ്റൊരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ആഷിക്ക് എല്‍എസ്ഡി സ്റ്റാമ്പുമായി അറസ്റ്റിലായത്. ബംഗുളുരുവില്‍ നിന്നും തപാല്‍ മാര്‍ഗമാണ് ഇയാള്‍ മയക്കു മരുന്ന് വരുത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്റ്റാമ്പ് ഒന്നിന് 2,000 രൂപയ്ക്ക് വാങ്ങി അത് 7,000 ത്തില്‍ പരം രൂപയ്ക്ക് ഇയാള്‍ മറിച്ച് വില്‍പ്പന നടത്തി വരുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് സംഘം സമീപിച്ച് കൈയ്യോടെ പിടി കൂടുകയായിരുന്നു. ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയില്‍ ജീവിക്കുന്നതിനുമാണ് പ്രതി ലഹരി വ്യാപാരം നടത്തി വന്നിരുന്നത് .ഇതു സംബന്ധമായ പ്രാഥമിക അന്വേഷണത്തില്‍ ബംഗളുരു പോലുള്ള സ്ഥലങ്ങളില്‍ മാരകമായ ലഹരി മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന ഡ്രഗ് മാനുഫാക്ചറിങ്ങ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ആഫ്രിക്കയില്‍ നിന്ന് ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്ന് നിഗമനം. വകുപ്പിന്റെ സാധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും ഇത് സംബന്ധമായ സമഗ്രാന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസര്‍ജിക്ക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത് . നിലവില്‍ 20 ഓളം ബ്രാന്‍ഡ് നയിമുകളിലും വ്യത്യസത രൂപങ്ങളിലും ഇത് വില്‍്പന നടത്തി വരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു.

ലൈസര്‍ജിക് ആസിഡ് സ്റ്റാമ്പുകള്‍ ലോകത്തിലാകെ 124 ഇനമുണ്ട് . നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്. സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത് . 360 മൈക്രോഗ്രാം ലൈസര്‍ജിക്ക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.ഇയാളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള കൗണ്‍സിലിങ് സെന്ററില്‍ കൗണ്‍സിലിംഗിന് വിധേയമാക്കുന്നുമെന്നും, ആവശ്യമെങ്കില്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ രാം പ്രസാദ്, കെ വി ബേബി, പ്രിവന്റീവ് ഓഫീസര്‍ കെ യു ഋഷികേശന്‍,എസ് സുരേഷ് കുമാര്‍, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ജോമോന്‍, ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it