Kerala

കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഎമ്മിനൊപ്പം പ്രവര്‍ത്തനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിനെ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇതില്‍ തനിക്ക് ഉചിതമായ മറുപടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും എം ബി മുരളീധരന്‍ പറഞ്ഞു

കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സിപിഎമ്മിനൊപ്പം പ്രവര്‍ത്തനം
X

കൊച്ചി:കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും കൊച്ചി കോര്‍പ്പറേഷന്‍ മുന്‍കൗണ്‍സിലറുമായിരുന്ന എം ബി മുരളീധരന്‍ കോണ്‍ഗ്രസ് വിട്ടു.സിപിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് എം ബി മുരളീധരന്‍ പറഞ്ഞു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിനെ താന്‍ ചോദ്യം ചെയ്തിരുന്നുവെന്നും ഇതില്‍ തനിക്ക് ഉചിതമായ മറുപടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും എം ബി മുരളീധരന്‍ പറഞ്ഞു.

ആരോടും ആലോചിക്കാതെ കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നാണ് താന്‍ അന്വേഷിച്ചപ്പോള്‍ മനസിലായത്.പി ടി തോമസിനോടോ ഉമാ തോമസിനോടോ തനിക്ക് യാതൊരുവിധ എതിര്‍പ്പുമില്ല. പി ടി തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടതു തന്നെയാണ്. പി ടി തോമസ് പാര്‍ട്ടിക്കു വേണ്ടി ത്യാഗം സഹിച്ച വ്യക്തി യാണ്. പക്ഷേ അത് ഉമാ തോമസിന് സ്ഥാനാര്‍ഥിത്വം നല്‍കിയല്ല സഹായിക്കേണ്ടിയിരുന്നതെന്നും എം ബി മുരളീധരന്‍ പറഞ്ഞു.പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാക്കേണ്ടത് പാര്‍ട്ടിക്കു വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ത്യാഗം സഹിക്കുകയുമൊക്കെ ചെയ്യുന്നവരെയാണ്. പി ടി തോമസിന് തന്നെ സ്ഥാനാര്‍ഥിത്വം നല്‍കിയത് ഒത്തിര കാലം കഴിഞ്ഞതിനു ശേഷമാണെന്നും എം ബി മുരളീധരന്‍ പറഞ്ഞു.

.സിപിഎമ്മിന്റെ അംഗത്വമെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വവുമായി സംസാരിച്ച് തീരുമാനിക്കുമെന്ന് എം ബി മുരളീധരന്‍ പറഞ്ഞു.നിലവില്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.കൊച്ചി കോര്‍പ്പറേഷന്‍ 41,42,33 ഡിവഷനുകളില്‍ നേരത്തെ പല തവണയായി കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്നു താന്‍. കഴിഞ്ഞ കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 41ാം ഡിവിഷനില്‍ മല്‍സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

എന്നാല്‍ എം ബി മുരീധരന്‍ കോണ്‍ഗ്രസ് വിട്ടത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അവരവരുടെ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് വേണമെന്ന് പറഞ്ഞാല്‍ അതിന് പാര്‍ട്ടിയുണ്ടാവില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Next Story

RELATED STORIES

Share it