Kerala

എറണാകുളം-അങ്കമാലി അതിരൂപത: രാജിവെച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് മാര്‍ ആന്റണി കരിയില്‍; വൈദികര്‍ക്ക് തുറന്ന കത്ത്

രാജി തീരുമാനം അറിയിക്കുവാന്‍ ഒരാഴ്ച സമയം വേണമെന്ന തന്റെ ആവശ്യം .ന്യുണ്‍ഷിയോ നിരസിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജിക്കത്ത് വേണമെന്നാണ് ആവശ്യപ്പെട്ടത്. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് അറിയിച്ചു

എറണാകുളം-അങ്കമാലി അതിരൂപത: രാജിവെച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് മാര്‍ ആന്റണി കരിയില്‍; വൈദികര്‍ക്ക് തുറന്ന കത്ത്
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നുവെന്ന് വ്യക്തമാക്കി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് കത്തെഴുതി സ്ഥാനം ഒഴിഞ്ഞ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍. ജനാഭിമുഖ കുര്‍ബാനരീതിയെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ വലിയവില നല്‍കേണ്ടിവരുമെന്ന് നേരത്തെ അറിയാമായിരുന്നു. സ്വന്തം സ്ഥാനം സുരക്ഷിതമാക്കാതെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള സഹനമാണ് നടത്തിയത്. അതിരൂപത നിര്‍ണായകമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് രാജിവയ്‌ക്കേണ്ടി വന്നത്.

സഭയുടെ നന്‍മയെ കരുതി രാജിവയ്ക്കണമെന്ന് മാര്‍പാപ്പ അറിയിച്ചതായി അപ്പസ്‌തോലിക്ക് ന്യുണ്‍ഷിയോ അറിയിക്കുകയായിരുന്നു. രാജി തീരുമാനം അറിയിക്കുവാന്‍ ഒരാഴ്ച സമയം വേണമെന്ന തന്റെ ആവശ്യം .ന്യുണ്‍ഷിയോ നിരസിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജിക്കത്ത് വേണമെന്നാണ് ആവശ്യപ്പെട്ടത്. രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് അറിയിച്ചു. നേരത്തെ ഡല്‍ഹിയില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ എന്തിന് രാജിവയ്ക്കണമെന്ന് ന്യുണ്‍ഷിയോ കത്തില്‍ സൂചിപ്പിച്ചിട്ടില്ലാത്തതിനാല്‍ കത്തു തിരിച്ചു ഏല്‍പ്പിച്ചു മടങ്ങുകയായിരുന്നു. അതിരൂപതിയില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് രാജിവച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത കുര്‍ബ്ബാന ക്രമം അടിച്ചേല്‍പ്പിച്ചാല്‍ അത് അതിരൂപതയില്‍ ഭിന്നതസൃഷ്ടിക്കുമെന്ന പല മെത്രാന്‍മാരുടേയും മുന്നറിയിപ്പ് സിനഡ് അവഗണിക്കുകയായിരുന്നുവെന്ന് മാര്‍ കരിയില്‍ വ്യക്തമാക്കി.

ഭൂമി-വില്‍പ്പന വാങ്ങല്‍ ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായ മൊത്തം നഷ്ടം 29.51 കോടി രൂപയാണ്. ഈ നഷ്ടം പരിഹരിക്കാന്‍ സിനഡ് നിര്‍ദ്ദേശിക്കുന്ന വിലയ്ക്ക് സിനഡ് പറയുന്ന വ്യക്തിക്ക് വില്‍ക്കുക എന്നതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം അതിരൂപതയിലെ കാനോനിക സമിതികള്‍ക്ക് പല കാരണങ്ങള്‍ കൊണ്ടും സ്വീകാര്യമല്ലായിരുന്നു. ഈ റിപോര്‍ട്ട് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പരിഗണനയ്ക്കായി താന്‍ അയച്ചുകൊടുത്തുവെങ്കിലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ സിനഡിന്റെ നിര്‍ദ്ദേശത്തെ അനൂകൂലിക്കുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അതിരൂപത ഫിനാന്‍സ് കൗണ്‍സിലിലെയും ആലോചന സമിതിയിലെയും ഭൂരിഭാഗം അംഗങ്ങള്‍ ചേര്‍ന്ന് സഭയുടെ ഉന്നത കോടതികളിലൊന്നായ അപ്പസ്‌തോലിക് സിഞ്ഞത്തൂരയില്‍ അപ്പീല്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഓറിയന്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ചില നിര്‍ദ്ദേശങ്ങള്‍ തിരുത്തപ്പെട്ടെങ്കിലും റെസ്റ്റിറ്റിയൂഷന് കാരണമായ സാമ്പത്തിക നഷ്ടത്തിന് ഉത്തരവാദികള്‍ ആരെന്നറിയാനുള്ള അവകാശം അതിരൂപതയ്ക്കുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അതിരൂപത ഫിനാന്‍സ് കൗണ്‍സിലിലെയും ആലോചന സമിതിയിലെയും ഭൂരിഭാഗം അംഗങ്ങള്‍ ചേര്‍ന്ന് അപ്പസ്‌തോലിക് സിഞ്ഞത്തൂരയില്‍ വീണ്ടും അപ്പീല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഭൂമിയിടപാടില്‍ നഷ്ടം വരുത്തിയവര്‍ക്കെതിരെ സിവില്‍ കോടതികളില്‍ അതിരൂപത നേരിട്ട് കേസുകൊടുക്കണമെന്ന് നിയമോപദേശം ലഭിച്ചിട്ടും നിരവധി വൈദികരും അല്‍മായരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിഷയം സഭയ്ക്കുള്ളില്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും മാര്‍ ആന്റണി കരിയില്‍ വൈദികര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

സീറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ അതിരൂപതയും സഭയുടെ ആസ്ഥാനവുമായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാന മാത്രമെ അനുവദിക്കുവെന്ന നിലപാടിലായിരുന്നു വിശ്വാസികള്‍.ഇതേ തുടര്‍ന്ന് ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാക്കാന്‍ പറ്റുന്ന അനുയോജ്യമായ സമയം ഇതല്ലെന്ന താന്‍ മെത്രാന്‍ സിനിഡില്‍ അറിയിച്ചതാണ്.അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും ഇക്കാര്യം രേഖാമൂലം സിനഡിലെ മെത്രാന്മാരെ അറിയിച്ചിരുന്നു. എന്നാല്‍ സിനഡിലെ ഭൂരിപക്ഷം മെത്രാന്മാരും ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം ഇവിടെയും നടപ്പിലാക്കണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും മാര്‍ ആന്റണി കരിയില്‍ കത്തില്‍ വ്യക്തമാക്കുന്നു.സഭാതലവനായ കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയോണാര്‍ദോ സാന്ദ്രി,വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീറ്റര്‍ പരോളിന്‍,ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ദോ ജിരെല്ലി എന്നിവരുമായി നേരിട്ടും കത്തുകള്‍ മുഖേനയും വിഷയം താന്‍ അറിയിച്ചതാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയോടും ഒരിക്കല്‍ നേരിട്ടും മറ്റവസരങ്ങളില്‍ കത്തുമുഖേനയും അറിയിച്ചു.എന്നാല്‍ സിനഡിന്റെ തീരുമാനപ്രകാരം മാത്രമെ മുന്നോട്ടു പോകാന്‍ കഴിയുവെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും ഇതേ തുടര്‍ന്നാണ് കാനന്‍ നിയമത്തിലെ 1538ാം വകുപ്പ് പ്രകാരം സിനഡ് തീരുമാനം അതിരൂപതിയില്‍ നടപ്പിലാക്കുന്നതിന് താന്‍ ഒഴിവു നല്‍കിയത്. മാര്‍പാപ്പയുടെയും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രീഫെക്ടിന്റെയും അനുവാദത്തോടെയായിരുന്നു തീരുമാനമെന്നും മാര്‍ ആന്റണി കരിയില്‍ കത്തില്‍ വ്യക്തമാക്കുന്നു.എന്നാല്‍ തന്റെ തീരുമാന അനുസരണക്കേടായും സിനഡാത്മകതയുടെ ലംഘനമായും വ്യാഖ്യാനിക്കപ്പെടുകയും കുറ്റക്കാരനായി ചിത്രീകരിക്കുകയും ചെയ്തു.തീരുമാനത്തില്‍ നിന്നു പിന്മാറ്റിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ഉണ്ടായി.എന്നാല്‍ മനസാക്ഷിയെ മുന്‍നിര്‍ത്തി തീരുമാനം മാറ്റാന്‍ താന്‍ തയ്യാറായില്ല.

ഏകീകൃത കുര്‍ബ്ബാന,റെസ്റ്റിറ്റിയൂഷന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ക്ഷണപ്രകാരം ജൂണില്‍ താന്‍ റോമില്‍ എത്തുകയും രണ്ടു ദിവസങ്ങളിലായി അഞ്ചു മണിക്കൂറോളം ചര്‍ച്ച നടത്തുകയും വിഷയങ്ങള്‍ സംബന്ധിച്ച് അതിരൂപതയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് 10 പേജുള്ള വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.സംശയനിവാരണത്തിനായി വൈദികരുമായി സംവദിക്കാന്‍ സീറോ മലബാര്‍ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാനെ അതിരൂപതയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം വരാന്‍ തയ്യാറായില്ലെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കുന്നു.ജനാഭിമുഖ കുര്‍ബ്ബാന മതിയെന്ന അതിരൂപതയിലെ പാരീഷ് കൗണ്‍സിലുകളുടെ നിലപാടുകളും പ്രമേയമങ്ങളും താന്‍ സമര്‍പ്പിച്ചിരുന്നു.

വിഷയങ്ങളില്‍ സിനഡും ഓറിയന്റേഷന്‍ കോണ്‍ഗ്രിഗേഷനും സ്വീകരിച്ച നിലപാടുകളില്‍ അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിര്‍പ്പുണ്ടെന്നും താന്‍ അറിയിച്ചിരുന്നു.ഒപ്പം വിഷയങ്ങളില്‍ മാര്‍പാപ്പയെ ശരിയായ വിധത്തിലാണോ കാര്യങ്ങള്‍ ധരപ്പിച്ചചതെന്ന സംശയവും താന്‍ പ്രകടിപ്പിച്ചിരുന്നു.വിഷയത്തില്‍ നീതിപൂര്‍വ്വകമായ തീരൂമാനം ഉണ്ടാകണമെന്നും ജനാഭിമുഖ കുര്‍ബ്ബാന അതിരൂപതയ്ക്ക് അംഗീകരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു.അതിരൂപതയുടെ നിലപാടിനെ സംബന്ധിച്ച് ഒട്ടേറെ തെറ്റായ ധാരണകള്‍ ഓറയന്റല്‍ കോണ്‍ഗ്രിഗേഷന് ഉണ്ടായിരുന്നതായി ചര്‍ച്ചകളില്‍ തനിക്ക് ബോധ്യപ്പെട്ടു.ഇവ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിച്ചു.രണ്ടാം ദിവസത്തെ കൂടിക്കാഴ്ചയില്‍ മറുപടി പറയാമെന്ന് കര്‍ദ്ദിനാള്‍ പ്രിഫെക്റ്റ് തങ്ങളെ അറിയിച്ചിരുന്നു.സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദ്ദിനാല്‍ പരോളിനുമായും കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നു.

പരാതികള്‍ മാര്‍പാപ്പയുടെ ശ്രദ്ധയില്‍ പെട്ടുത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. മാര്‍പാപ്പയെ നേരില്‍ കണ്ട് അതിരൂപതയുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം ഒരുക്കണമെന്ന് തങ്ങള്‍ ഇരുവരോടും അഭ്യര്‍ഥിച്ചുവെങ്കിലും നടന്നില്ലെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കുന്നു.രണ്ടു വിഷയങ്ങള്‍ക്കും നീതിപൂര്‍വ്വകമായ പരിഹാരം റോമില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ജൂലൈ 19ന് ഡല്‍ഹിയില്‍ ചെന്ന് അപ്പസ്‌തോലിക് നൂണ്‍ഷിയോയെ കാണമെന്ന നിര്‍ദ്ദേശ പ്രകാരം എത്തിയ തനിക്ക് തന്ന കത്തില്‍ വ്യക്തമാക്കിയത് താന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ സ്ഥാനം രാജിവെയ്ക്കണെമെന്നും അതിരൂപതയുടെ പുറത്തുള്ള ഏതെങ്കിലും സിഎം ഐ ആശ്രമത്തില്‍ താമസിക്കണമെന്നുമായിരുന്നു.മാര്‍പാപ്പയുടെ തീരുമാനമാണെന്നായിരുന്നു കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്.24 മണിക്കൂറിനുളളില്‍ രാജിക്കത്ത് നല്‍കണമെന്നായിരുന്നു നൂണ്‍ഷിയോ തന്നോട് ആവശ്യപ്പെട്ടത്.ഒരാഴ്ച സമയം താന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു.

രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാനുള്ള നടപടി ആരംഭിക്കുമെന്നും അറിയിച്ചു.തന്റെ രാജി ആവശ്യപ്പെട്ട് തന്ന കത്തില്‍ കാരണങ്ങള്‍ ഒന്നും വ്യക്തമാക്കിയിരുന്നില്ല.ഇതേ തുടര്‍ന്ന് കാരണമറിയിക്കണെന്ന് താന്‍ മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്ത് നൂണ്‍ഷിയോയെ ഏല്‍പ്പിച്ച് തിരിച്ചു പോരുകയായിരുന്നു.ജൂലൈ 26 ന് അപ്പസ്‌തോലിക്ക് നൂണ്‍ഷിയോ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെത്തി തന്നെ നേരില്‍ കണ്ട് രാജി ആവശ്യപ്പെട്ടു.സഭയുടെ നന്മയ്ക്കായിട്ടാണ് മാര്‍പാപ്പ രാജി ആവശ്യപ്പെടുന്നതെന്നാണ് തന്റെ ആവശ്യത്തിന് മറുപടിയായി റോമില്‍ നിന്നും അറിയിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.തുടര്‍ന്നാണ് മാര്‍പാപ്പയോടുള്ള അനുസരണത്തെ പ്രതി താന്‍ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.പ്രതിസന്ധി ഘട്ടത്തില്‍ ഉപേക്ഷിച്ചു പോകുന്നത് ചരിത്രം പൊറുക്കില്ലെന്ന് അറിയാം എന്നിരുന്നാലും രാജിവെച്ചില്ലെങ്കില്‍ ഉണ്ടാകുന്ന തുടര്‍ നടപടികള്‍ അതിരൂപതയെ കൂടുതല്‍ തളര്‍ത്തുമെന്നതുകൊണ്ടാണ് രാജിവെച്ചതെന്നും മാര്‍ ആന്റണി കരിയില്‍ വൈദികര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it