Kerala

കൊവിഡ്: വരാനുള്ള നാളുകള്‍ ഇനിയും കടുത്തത്: മന്ത്രി കെ കെ ശൈലജ

കൊവിഡിനെതിരായ പേരാട്ടത്തില്‍ കേരളം ശക്തമായി പൊരുതി നില്‍ക്കുകയാണ്. രാഷ്ട്രീയ ഭേദമന്വേ എല്ലാവരുടേയും പിന്തുണ തേടുന്നു. വരാനുള്ള നാളുകള്‍ ഇനിയും കടുത്തതാണ്. ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ തന്നെ വളരെയധികം അധ്വാനിക്കുന്നുണ്ട്. എങ്കിലും ഈ ഘട്ടത്തെയും മാനസികമായും ശാരീരികമായും നേരിടാന്‍ സന്നദ്ധമായിരിക്കണം

കൊവിഡ്: വരാനുള്ള നാളുകള്‍ ഇനിയും കടുത്തത്: മന്ത്രി കെ കെ ശൈലജ
X

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന നാളുകള്‍ വന്നതിനേക്കാള്‍ കടുത്തതാണെന്ന് മന്ത്രി കെ കെ ശൈലജ. എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച ഒപി വിഭാഗം , ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്ളൂ റോസ്‌കോപ്പി മെഷീന്‍, സിസിടിവി എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മള്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള അടിത്തറ ഇളകി പോകരുത് അത് ഏതു വിധേനയും ശക്തമായി നിലനിര്‍ത്താനുള്ള മനോഭാവം നമ്മള്‍ കാണിക്കണം.എത്ര രോഗികള്‍ വന്നാലും ആരും റോഡില്‍ കിടക്കേണ്ട അവസ്ഥ വരാന്‍ പാടില്ല.ഒന്നുകില്‍ സിഎഫ്എല്‍ടിസി അല്ലെങ്കില്‍ കൊവിഡ് ആശുപത്രിയില്‍ ചികില്‍സ ഉറപ്പാക്കണം. പ്രായമായവരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണം. പ്രായമുള്ളവരിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും.ഇപ്പോള്‍ തന്നെ ലോകത്ത് വെന്റിലേറ്ററുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

.മാസങ്ങളായി ആരോഗ്യ പ്രവര്‍ത്തകരെല്ലാം ജോലിയില്‍ തുടരുകയാണ്. എന്നാല്‍ ആരും ക്ഷീണിക്കരുത്. കുറച്ചു കൂടി കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയാറെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളി തന്നെയാണ് ആരോഗ്യ വകുപ്പ് നേരിടുന്നത്. മരണപ്പെടുന്നവരില്‍ 90 ശതമാനവും 60 വയസിന് മുകളില്‍ ഉള്ളവരാണ്. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും 60 വയസിനു മുകളില്‍ ഉള്ളവരാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി നേരിടുന്നതാണ്. കേരളത്തിന്റെ ജനസാന്ദ്രതയും വളരെ കൂടുതലാണ്. ഇതും വൈറസ് വ്യാപനത്തിന്റെ തടയിടലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മറ്റൊരു കാരണം ജീവിത ശൈലീ രോഗികളുടെ എണ്ണം കൂടുതലാണ് എന്നുള്ളതാണ്. പ്രതികൂല സാഹചര്യത്തിലും കേരളത്തിന് മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി സംവിധാനം ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് വലിയ അനുഗ്രഹമായി ആരോഗ്യ മേഖലയുടെ സമഗ്ര മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ സമഗ്ര വികസനമൊരുക്കി രോഗീ സൗഹൃദമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് നല്ല പണം വേണം. ജിഡിപിയിലെ ഒരു ശതരമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. അതെല്ലാം വലിയ പദ്ധതികള്‍ക്ക് തടസമായി. അപ്പോഴാണ് കിഫ്ബി വലിയ അനുഗ്രഹമായി മാറിയത്. വളരെ പെട്ടെന്ന് മാസ്റ്റര്‍ പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കാനും വലിയ ശതമാനം പദ്ധതികള്‍ യാഥാര്‍ത്ഥമാക്കാനാക്കാനും സാധിച്ചതായി മന്ത്രി വ്യക്തമാക്കി.

ആദ്രം മിഷന്റെ ഭാഗമായി ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രിയുടെ കിടക്കകള്‍ പോലും തിരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. രോഗീ സൗഹൃദം, ഹൈടെക് ആക്കുക, സൗജന്യമായും കുറഞ്ഞ ചെലവിലുമുള്ള ചികിത്സ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധിച്ചത്. എല്ലാതലം ആശുപത്രികളേയും സേവനം വര്‍ധിപ്പിച്ചു. 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. 67 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. ജില്ലാ ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബ് അനുവദിച്ചു. 5 ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കി.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ നിശ്ചയിച്ചപ്പോള്‍ ഫണ്ട് ഒരു തടസമായിരുന്നു. എന്നാല്‍ അത് ജനകീയമായെടുത്തപ്പോള്‍ വലിയ വിജയമായി. സര്‍ക്കാര്‍ പണത്തോടൊപ്പം ജനപ്രതിനിധികളുടെ വികസന ഫണ്ടും നാട്ടിലെ ജനങ്ങളുടെ സഹായവും കൂടെയുണ്ടായപ്പോള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വലിയ സൗകര്യങ്ങളൊരുക്കാനായെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it