Kerala

പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്‍ അന്തരിച്ചു

പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ  എം കുഞ്ഞാമന്‍ അന്തരിച്ചു
X

തിരുവനന്തപുരം: പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദളിത് ചിന്തകനുമായിരുന്ന എം കുഞ്ഞാമന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 74 വയസായിരുന്നു. മൃതദേഹത്തിന് സമീപം ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇന്ന് കാണണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് കുഞ്ഞാമാന്‍ സുഹൃത്തുക്കളെ ഫോണ്‍ ചെയ്തിരുന്നു. ഇതനുസരിച്ച് വൈകിട്ട് 4 മണിയോടെ ശ്രീകാര്യം വെഞ്ചാമൂടുള്ള വീട്ടിലേക്ക് എത്തിയപ്പോഴാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ആലോചിച്ച് എടുത്ത തീരുമാനമാണെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും' വ്യക്തമാക്കി സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറച്ച് മാസങ്ങളായി തനിച്ചായിരുന്നു താമസം.

മഹാരാഷ്ട്രയിലെ തുല്‍ജാപുരില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടി. കെ ആര്‍ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദളിത് വിദ്യാര്‍ത്ഥിയെന്ന നേട്ടവും കുഞ്ഞാമന്‍ സ്വന്തമാക്കിയിരുന്നു.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായാണ് കുഞ്ഞാമന്റെ ജനനം. പാണ സമുദായത്തില്‍ പിറന്ന കുഞ്ഞാമന്റെ ബാല്യം ജാതി വിവേചനത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം കഠിനാദ്ധ്വാനത്തിലൂടെ മറികടന്ന കുഞ്ഞാമന്‍ പഠനത്തിലൂടെ അതിനെയെല്ലാം മറികടന്നു. അതിനെയെല്ലാം നേരിട്ട അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. അര്‍ബുദ രോഗിയായ ഭാര്യ രോഹിണി മലപ്പുറം വണ്ടൂരിലെ വീട്ടിലും, മകള്‍ അമേരിക്കയിലുമാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിരുവനന്തപുരം സിഡിഎസില്‍ നിന്ന് എംഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. പിന്നീട് അധ്യാപന മേഖലയിലേയ്ക്ക് മാറിയ കുഞ്ഞാമന്‍ കേരള സര്‍വകലാശായുടെ കാര്യവട്ടം കാമ്പസില്‍ സാമ്പത്തിക ശാസ്ത്ര വകുപ്പില്‍ അദ്ധ്യാപകനായി ചുമതലയേറ്റു. 27 വര്‍ഷം ഇവിടെ അധ്യാപകനായിരുന്നു. 2006ല്‍ ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ തുല്‍ജാപൂര്‍ ക്യാമ്പസില്‍ അദ്ധ്യാപകനായി ഒമ്പത് വര്‍ഷം സേവനം അനുഷ്ഠിച്ചു.

ഡോക്ടര്‍ എം കുഞ്ഞാമനെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ കെ കണ്ണന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'എതിര്' എന്ന അനുഭവക്കുറിപ്പ് കേരളം വലിയ നിലയില്‍ ചര്‍ച്ച ചെയ്തിരുന്നു. എം കുഞ്ഞാമന്‍ തന്റെ ജീവിതത്തിലുടനീളം അനുഭവിച്ച ജാതിവിവേചനത്തിന്റെയും ജാതി പീഢനത്തിന്റേയും അമ്പരപ്പിക്കുന്ന നേര്‍കാഴ്ചകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുന്നതാണ് ഈ അനുഭവക്കുറിപ്പ്. ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ കുഞ്ഞാമന്‍ ഈ അവാര്‍ഡ് നിരസിക്കുകയായിരുന്നു. എം ജി യൂണിവേഴ്‌സിറ്റിയിലെ നെല്‍സണ്‍ മണ്ടേല ചെയര്‍ പ്രൊഫസറായിരുന്നു.




Next Story

RELATED STORIES

Share it