Kerala

തകര്‍ന്നടിഞ്ഞ് ഇടതുപാളയം; ന്യൂനപക്ഷങ്ങളും പിന്തുണച്ചില്ല

ഏറ്റവും വലിയ പരാജയത്തിലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തിയതിനു പിന്നില്‍ മതന്യൂനപക്ഷങ്ങളുടെ നിലപാടാണ്. പരമ്പരാഗതമായി ഇടതിനെ പിന്തുണച്ചുവന്ന മതന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും ഇക്കുറി ഇടതിനെ പൂര്‍ണമായും കൈവിട്ടു.

തകര്‍ന്നടിഞ്ഞ് ഇടതുപാളയം; ന്യൂനപക്ഷങ്ങളും പിന്തുണച്ചില്ല
X

തിരുവനന്തപുരം: ഒരിക്കലും തകരില്ലെന്ന് പ്രതീക്ഷിച്ച കണ്ണൂരിലെ ചെങ്കോട്ടകള്‍ വരെ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കേരളത്തില്‍ കണ്ടത്. തങ്ങളുടെ ദേശീയ പാര്‍ട്ടി പദവിപോലും തുലാസിലാക്കുന്ന ദയനീയ പ്രകടനമാണ് സിപിഎമ്മിലുണ്ടായത്.

കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സിപിഎം സ്വയം ഏറ്റെടുക്കേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാകില്ല. വരും ദിവസങ്ങളില്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഒറ്റപ്പെട്ടതെങ്കിലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നേക്കാം.

കനത്ത പരാജയത്തിന്റെ ഞെട്ടലിലാണ് ഇടതു ക്യാംപ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ വ്യക്തി പ്രഭാവവും വോട്ടായി മാറുമെന്നും മോദിക്കെതിരായ ബദലിന് സിപിഎം പ്രധാന റോളിലെത്തുമെന്നുമുള്ള വിശ്വാസവുമാണ് എല്‍ഡിഎഫിനെ തിരഞ്ഞെടുപ്പില്‍ മുന്നോട്ടു നയിച്ചത്. എന്നാല്‍ ഫലം മറിച്ചായതോടെ പാര്‍ട്ടി, സര്‍ക്കാര്‍ നേതൃത്വം കണക്കുപറയേണ്ട സാഹചര്യമാണു മുന്നിലെത്തുന്നത്.

ഏറ്റവും വലിയ പരാജയത്തിലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തിയതിനു പിന്നില്‍ മതന്യൂനപക്ഷങ്ങളുടെ നിലപാടാണ്. പരമ്പരാഗതമായി ഇടതിനെ പിന്തുണച്ചുവന്ന മതന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും ഇക്കുറി ഇടതിനെ പൂര്‍ണമായും കൈവിട്ടു. ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തേക്കാള്‍ ഫലപ്രദം രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസാണെന്ന തിരിച്ചറിവില്‍ നിന്നാണ് ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചത്. അതാവട്ടെ എല്‍ഡിഎഫിന് കനത്ത പ്രഹരവുമായി.

'മോദി-രാഹുല്‍ യുദ്ധമെന്ന' തരത്തിലുള്ള പ്രചരണം മുന്നിലെത്തിയപ്പോള്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ഏകപക്ഷീയമായി യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മോദിയെ നേരിടാന്‍ രാഹുല്‍ എന്ന രാഷ്ട്രീയപോരാട്ടത്തിനിടയില്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന് പ്രസക്തിയില്ലെന്ന യുഡിഎഫ് പ്രചരണം മതന്യൂനപക്ഷവിഭാഗങ്ങള്‍ മുഖവിലക്കെടുത്തു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മതന്യൂനപക്ഷ കേന്ദ്രങ്ങളിലെ വര്‍ദ്ധിച്ച പോളിങ് ശതമാനം തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. എന്നാല്‍ വര്‍ധിച്ച തോതിലുള്ള ന്യൂനപക്ഷ ഒഴുക്ക് പോളിങ് ബൂത്തിലേക്കു നീങ്ങിയത് രാഹുല്‍ഗാന്ധിയുടെ കരങ്ങളെ ശക്തിപ്പെടുത്താനാണ് എന്നത് തിരിച്ചറിയാന്‍ സിപിഎമ്മിനോ ഇടതുപാര്‍ട്ടികള്‍ക്കോ കഴിഞ്ഞില്ല.

പതിവു പോലെ കോ-ലീ-ബി പ്രചരണം തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഇടതുപക്ഷം സജീവമാക്കിയത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനായിരുന്നു. കണ്ണൂര്‍, കൊല്ലം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ബിജെപിയിലേക്കു പോകുമെന്നതുവരെയുള്ള പ്രചരണം മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ നടത്തിയത് ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ഉറപ്പിക്കാനാണ്. എന്നാല്‍ ബിജെപിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രചരണം ഊര്‍ജ്ജിതമാക്കിയ മണ്ഡലങ്ങളില്‍ പോലും ന്യൂനപക്ഷ മേഖലയിലെ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ അധികാരത്തിലെത്തിക്കാന്‍ ഒപ്പംനിന്ന വിഭാഗമാണ് മൂന്നുവര്‍ഷത്തിനു ശേഷം പൂര്‍ണമായും യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചത്. എല്‍ഡിഎഫിന്റെ കരുത്തുറ്റ കോട്ടകള്‍ പോലും തകര്‍ന്നു വീണത് മതന്യൂനപക്ഷങ്ങളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായതിനാലാണ്.

Next Story

RELATED STORIES

Share it