Kerala

റേഷൻ കടകളിൽ ഇപോസ് യന്ത്രങ്ങൾ; അഴിമതി ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് മന്ത്രി

അടുത്തിടെ വിവാദത്തിൽ പെട്ട ഒരു കമ്പനിയുടെ പേര് ഇ-പോസുമായി ബന്ധപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്.

റേഷൻ കടകളിൽ ഇപോസ് യന്ത്രങ്ങൾ; അഴിമതി ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് മന്ത്രി
X

തിരുവനന്തപുരം: റേഷൻ കടകളിൽ ഇപോസ് യന്ത്രങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. കേരളത്തിലെ എല്ലാ റേഷൻ കടകളിലും ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ചത് ദേശീയ ഭക്ഷ്യഭദ്രത നിയമം - 2013 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസിയായ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിയമാനുസരണം ടെൻഡർ വിളിച്ച് ഏറ്റവും കുറവ് തുക ക്വോട്ട് ചെയ്ത കമ്പനിക്കാണ് കരാർ നൽകിയത്. ഏറ്റവും കുറഞ്ഞ തുകയിൽ യന്ത്രം വാഗ്ദാനം ചെയ്ത കമ്പനിയുടെ പേര് ലിങ്ക് വെൽ ടെലിസിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഇത് 1993 ൽ ആരംഭിച്ച സ്ഥാപനമാണ്. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും ഇ-പോസ് യന്ത്രങ്ങൾ നൽകുന്നതിന് കരാർ നൽകിയത് ഈ കമ്പനിക്കാണ്.

എന്നാൽ അടുത്തിടെ വിവാദത്തിൽ പെട്ട ഒരു കമ്പനിയുടെ പേര് ഇ-പോസുമായി ബന്ധപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ സംസ്ഥാന സ്റ്റോർ പർചേഴ്സ് വ്യവസ്ഥകൾ തുടങ്ങിയ മാർഗ നിർദ്ദേശങ്ങൾ എല്ലാം കൃത്യമായി പാലിച്ച് നടന്ന നടപടിക്രമമായിരുന്നു ടെൻഡർ എന്നിരിക്കെ യാഥാർഥ്യങ്ങൾ മനസിലാക്കാതെ ഉന്നയിച്ചിട്ടുള്ള ദുരാരോപണങ്ങൾ രാഷ്ട്രീയ ലക്ഷത്തോടെ ഉന്നയിച്ചിട്ടുള്ളതാണ്.

കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി ഇ-പോസ് യന്ത്രം ഉപയോഗിച്ച് പൊതുവിതരണ സംവിധാനം വളരെ നല്ല നിലയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ വഴി ഉന്നയിച്ചിട്ടുള്ള ആരോപണത്തിൽ പരാമർശിച്ചിട്ടുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനം ടെൻഡറിൽ കുറഞ്ഞ തുക വാഗ്ദാനം ചെയ്യാതത് മൂലമാണ് യോഗ്യത നേടാനാവാതെ പോയത്. മറിച്ചുള്ള എല്ലാ വാർത്തകളും തള്ളികളയുന്നതായും പി തിലോത്തമൻ പറഞ്ഞു.

Next Story

RELATED STORIES

Share it