Big stories

ലഹരിയുടെ നീരാളിപ്പിടിയില്‍ കൗമാര കേരളം...

14 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ കഞ്ചാവിന്റേയും ഗുളികകളുടെയും പുകയില ഉല്‍പന്നങ്ങളുടെയും പുതുയുഗ ലഹരി വസ്തുക്കളുടെയും ദുരുപയോഗവും വര്‍ധിച്ചതായി എക്‌സൈസ് വകുപ്പ് പറയുന്നു. സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വേരാഴ്ത്തിയിട്ടുള്ള ലഹരി മാഫിയകള്‍ കേരളത്തിന്റെ ഭാവി തലമുറയെ നശിപ്പിക്കുന്നതിനൊപ്പം ക്രിമിനലുകളെ വളര്‍ത്തിയെടുക്കുകയാണ്.

ലഹരിയുടെ നീരാളിപ്പിടിയില്‍ കൗമാര കേരളം...
X

തിരുവനന്തപുരം: കേരളത്തിന്റെ പുതുതലമുറയില്‍ ലഹരിയുടെ സ്വാധീനം അതിഭീകരമാം വിധം വര്‍ധിച്ചിരിക്കുന്നു. നാടിനെന്നും ശാപമായ മയക്കുമരുന്നിന്റെ മായാലോകത്തിലൂടെയാണ് ഇന്നത്തെ പുതുതലമുറ സഞ്ചരിക്കുന്നത്. 14 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ കൂടുതലായും കഞ്ചാവിന്റേയും ഗുളികകളുടെയും പുകയില ഉല്‍പന്നങ്ങളുടെയും പുതുയുഗ ലഹരി വസ്തുക്കളുടെയും ദുരുപയോഗവും വര്‍ധിച്ചതായി എക്‌സൈസ് വകുപ്പ് പറയുന്നു. സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വേരാഴ്ത്തിയിട്ടുള്ള ലഹരി മാഫിയകള്‍ കേരളത്തിന്റെ ഭാവി തലമുറയെ നശിപ്പിക്കുന്നതിനൊപ്പം ക്രിമിനലുകളെ വളര്‍ത്തിയെടുക്കുകയാണ്. ദിനംപ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിയുമായി പിടിയിലാവുന്നവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ലഹരിയുടെ വലയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ട നിരവധി പെണ്‍കുട്ടികളും നമുക്ക് മുന്നിലുണ്ട്.


കഞ്ചാവ് മാഫിയയുടെ ഇരുണ്ട കൈകളില്‍ കുരുന്നുകള്‍ ഞെരിഞ്ഞമരുന്നതിന്റെ നേര്‍ചിത്രങ്ങള്‍ ദിനംപ്രതി പുറത്തുവന്നു കൊണ്ടിരിക്കുന്നു. യുവാക്കളെയും കൗമാരക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് ആരംഭിച്ച വിമുക്തി സെന്ററുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച വിമുക്തി കൗണ്‍സിലിങ് സെന്ററുകളില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ 500ഓളം ആളുകള്‍ കൗണ്‍സിലിങിന് സമീപിച്ചതായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വ്യക്തമാക്കുന്നു.

ഇവരില്‍ ഏറെയും 14നും 30നും ഇടയിലുള്ളവരാണെന്നത് കൗമാരക്കാരിലും യുവാക്കളിലും ലഹരിയുടെ സ്വാധീനം ഏറിയതിന്റെ തെളിവാണ്. തിരുവനന്തപുരം എക്സൈസ് ആസ്ഥാന കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി കൗണ്‍സിലിങ്് സെന്ററില്‍ 293 പേര്‍ കൗണ്‍സിലിങിന് വിധേയരായി. 14നും 20നും ഇടയിലുള്ള 68 കേസുകളും 21 മുതല്‍ 30 വയസുവരെയുള്ള 180 കേസുകളും 30 ന് മുകളില്‍ പ്രായമുള്ള 45 കേസുകളും ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം കച്ചേരിപ്പടിയിലെ വിമുക്തി കൗണ്‍സിലിങ് സെന്ററില്‍ 94 കൗണ്‍സിലിങ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 14നും 20നും ഇടയിലുള്ള 58 കേസുകളും 21 മുതല്‍ 30 വയസുവരെയുള്ള 16 കേസുകളും 30ന് മുകളില്‍ പ്രായമുള്ള 20 കേസുകളും ഉള്‍പ്പെടും.

കോഴിക്കോട് 100 കൗണ്‍സിലിങ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ 14നും 20നും ഇടയിലുള്ള 28 കേസുകളും 21 മുതല്‍ 30 വയസുവരെയുള്ള 19 കേസുകളും 30ന് മുകളില്‍ പ്രായമുള്ള 53 കേസുകളുമുണ്ട്. ലഹരിക്കായി പ്രാകൃതമാര്‍ഗങ്ങള്‍ പരീക്ഷിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുപോയിരിക്കുന്നു. ഇപ്പോഴത് കഞ്ചാവിനും എല്‍എസ്ഡിക്കുമൊക്കെ വഴിമാറി. തുച്ഛമായ വിലയ്ക്കു തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് സംസ്ഥാനത്തുടനീളം ചില്ലറയായി വിറ്റ് വന്‍തുക കൊയ്യുകയാണ് കഞ്ചാവ് മാഫിയ. കിലോക്കണക്കിന് കഞ്ചാവാണ് ഓരോ ജില്ലകളില്‍ നിന്നും അടുത്തിടെ പിടികൂടിയിട്ടുള്ളത്.


സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പോലും ഈ മാഫിയയുടെ ഇരകളായി മാറിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു തമിഴ്നാട് സ്വദേശിയില്‍ നിന്ന് ഷാഡോ പോലിസ് പിടികൂടിയത് 16 കിലോ കഞ്ചാവാണ്. ഇതിനുപുറമെ, സ്റ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡിയും വ്യാപകമായി പിടികൂടുന്നുണ്ട്. സംസ്ഥാനത്തെ മരുന്നുവില്‍പന ശാലകളില്‍ നിന്നും ഡോസ് കൂടിയ മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ കമ്പം, തേനി, ഉശിലാംപട്ടി തുടങ്ങിയിടങ്ങളില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. അതേസമയം, എല്‍എസ്ഡി ഉള്‍പ്പടെയുള്ള മറ്റ് ലഹരിവസ്തുക്കള്‍ ബംഗളൂരുവില്‍ നിന്നും മറ്റുമാണ് നഗരത്തിലേക്ക് എത്തുന്നത്. ഇതിനുപിന്നിലെ കണ്ണികളും യുവാക്കളാണ്. അടുത്തിടെ നഗരത്തില്‍ പിടികൂടിയ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത് വിദ്യാര്‍ഥികളായിരുന്നു.

നാടിന്റെ ഭാവിയെതന്നെ അപകടത്തിലാക്കുന്ന നിലയില്‍ ബാല്യകൗമാരങ്ങള്‍ക്ക് കെണിയൊരുക്കുകയാണ് ലഹരി മാഫിയ. കോടികള്‍ മറിയുന്ന മയക്കുമരുന്നു വിപണിയില്‍ അന്തര്‍ദേശീയ അധോലോകം മുതല്‍ നമ്മുടെ സ്‌കൂള്‍ കുട്ടികള്‍വരെ കണ്ണികളാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്തുവരുന്നത്. ലഹരി വില്‍പനയില്‍ കണ്ണികളാവുന്നതോടെ തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങളും ബൈക്ക്, കാറ് ഉള്‍പ്പടെയുള്ള വാഹനങ്ങളും യുവാക്കള്‍ക്ക് നല്‍കും. പുകയില, കഞ്ചാവ് തുടങ്ങിയവയില്‍നിന്നുള്ള വിവിധതരം ഉല്‍പ്പന്നങ്ങളും മയക്കുഗുളികകളും കുത്തിവയ്പ്പ് മരുന്നുകളുമെല്ലാം അടങ്ങുന്നതാണ് ലഹരിയുടെ സാമ്രാജ്യം. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയുടെ പ്രധാന മെട്രോ നഗരങ്ങളിലെത്തുന്ന ലഹരി ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമായും കേരളം മാറിയിട്ടുണ്ട്.

ഗോവ, ബംഗളൂരു, കാസര്‍കോഡ് വഴി വടക്കന്‍ കേരളത്തിലും ചെന്നൈ വഴി തെക്കന്‍ കേരളത്തിലേക്കും ലഹരി ഒഴുകുകയാണ്. ഇതിനുപുറമെ, സംസ്ഥാനത്തെ ചില ചില്ലറ മരുന്നുവില്‍പ്പനശാലകള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യാവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായി എക്സൈസും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള മരുന്നു കടകളിലാണ് അനധികൃത വില്‍പന കൂടുതലും നടക്കുന്നത്. മരുന്നുകളുടെ ദുരുപയോഗം വര്‍ധിക്കുന്നതായാണ് എക്സൈസിന്റെ കണ്ടെത്തല്‍.


ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഴിയും കേരളത്തിലേക്ക് മരുന്നുകള്‍ എത്തുന്നുണ്ട്. വിദ്യാലയങ്ങള്‍ക്ക് അടുത്തുള്ള ചില മരുന്നു വ്യാപാര സ്ഥാപനങ്ങള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിട്രോസന്‍, ട്രിക്ക, നിട്രാവെറ്റ്, പാസ്മോ പ്രോക്സിവോണ്‍ പ്ലസ്, അല്‍പ്രാക്സ് തുടങ്ങിയ മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായാണ് എക്സൈസ് കണ്ടെത്തിയത്. ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകള്‍ മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് വാങ്ങുന്നത് വര്‍ധിക്കുന്നതായി കണ്ടെത്തിയതോടെയാണ് എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശാനുസരണം ഡ്രഗ്‌സ് കംണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയത്. കേരളത്തില്‍ വില്‍ക്കപ്പെടുന്ന ലഹരിയുടെ ഉപഭോക്താക്കളില്‍ വലിയൊരു ഭാഗവും വിദ്യാര്‍ഥികള്‍ തന്നെയാണ്. സാധാരണ വിലയെക്കാള്‍ കൂടുതല്‍ പണം നല്‍കി കഞ്ചാവ് വാങ്ങുന്നതിനുപോലും വിദ്യാര്‍ഥികള്‍ തയ്യാറാകുന്നുവെന്ന് പോലിസ് വ്യക്തമാക്കുന്നു. ഷാഡോ പോലിസ് വിരിച്ച വലയില്‍ കുടുങ്ങിയവരില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ ലഭിച്ചത്.

ഒഴിഞ്ഞ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് നേരത്തെ ലഹരിയുടെ വില്‍പ്പനയും ഉപയോഗവും നടന്നിരുന്നതെങ്കില്‍ ഇന്നത് വിദ്യാലയങ്ങളുടെ പരിസരത്തെ വീടുകള്‍ കേന്ദ്രീകരിച്ചും നടക്കുന്നുണ്ടെന്ന സൂചനയും പോലിസ് നല്‍കുന്നു. ഇത്തരം ചില സംഘങ്ങള്‍ക്ക് കഞ്ചാവ് ലഭിക്കുന്നത് വില്‍പ്പനക്കാരുമായി സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ബന്ധം വഴിയാണ്. ലഹരിയുടെ വഴി തേടിയുള്ള അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികളും ലഹരിയുടെ ഇരകളാണെന്ന് കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് അന്വേഷണത്തിനിടെ ഷാഡോ പോലിസ് പിടികൂടിയ ഒരു സംഘത്തില്‍ വിദ്യാര്‍ഥിനികളുമുണ്ടായിരുന്നു. ഏതാനും ആണ്‍കുട്ടികള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിച്ചിരുന്ന പെണ്‍കുട്ടിയെ രക്ഷിതാക്കളെ വരുത്തിയാണ് പോലിസ് വിട്ടയച്ചത്. പലപ്പോഴും ലഹരി കടത്തില്‍ പിടിയിലാവുന്നത് ഉപഭോക്താക്കളും ചെറുകിട കച്ചവടക്കാരുമായിരിക്കും. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തേടിപ്പിടിച്ചാണ് വന്‍കണ്ണികളിലേക്ക് അന്വേഷണസംഘം എത്തുക.


ലഹരിമാഫിയകളെ തടയാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണ്. എന്നാല്‍, മയക്കുമരുന്ന് പരിശോധനയും പിടിച്ചെടുക്കലും കുറ്റവാളികള്‍ക്കെതിരായ നിയമനടപടികളും മാത്രം പോരാ, ലഹരിയെന്ന മഹാവിപത്തിന്റെ വേരറുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അത്രിക്രമിച്ചിരിക്കുന്നു. ലഹരി മാഫിയയുമായി കണ്ണിചേര്‍ക്കപ്പെടാതിരിക്കാന്‍ സമൂഹത്തെയാകെ ബോധവല്‍ക്കരിക്കാനുള്ള അതിബൃഹത്തായ ഒരു പ്രവര്‍ത്തന പദ്ധതി നാടിന് അനിവാര്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ട്.

Next Story

RELATED STORIES

Share it