Kerala

തിരുവനന്തപുരത്ത് പോലിസുകാരുടെ ലഹരിക്കച്ചവടം; രണ്ട് സിപിഒമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് പോലിസുകാരുടെ ലഹരിക്കച്ചവടം; രണ്ട് സിപിഒമാര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. നാര്‍ക്കോടിക് സെല്ലിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് രണ്ട് സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ അഭിന്‍ജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാര്‍ക്കോടിക് സെല്ലിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പി ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പോലിസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്. അഭിന്‍ജിത്തിനും രാഹുലിനുമെതിരെ സംയുക്ത അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.

നാര്‍ക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയര്‍ലെസ് സെറ്റുകള്‍ വഴി കണ്‍ട്രോള്‍ റൂമിലിരിക്കുന്ന അഭിന്‍ജിതിനും രാഹുലിനും അറിയാന്‍ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം, പോലിസ് സേനയക്ക് അവമതിപ്പ് വരുത്തി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.



Next Story

RELATED STORIES

Share it