Kerala

മയക്കുമരുന്നു നല്‍കി യുവാവിനെ അബോധാവസ്ഥയിലാക്കി കടന്നു കളഞ്ഞ സംഘം പോലിസ് പിടിയില്‍

കൊല്ലം പെരുമ്പുഴ സ്വദേശി സുധീര്‍(32),കിളികൊല്ലൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(23) എന്നിവരാണ് പിടിയിലായത്. കൊല്ലം കുറ്റിച്ചിറ സ്വദേശിയായ സിയാദിനാണ് അമിതമായ ഡോസില്‍ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ലഹരി ഇഞ്ചക്ട് ചെയ്ത് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ അബോധാവസ്ഥയിലാക്കിയ ശേഷം കടന്നു കളഞ്ഞത്

മയക്കുമരുന്നു നല്‍കി യുവാവിനെ അബോധാവസ്ഥയിലാക്കി കടന്നു കളഞ്ഞ സംഘം പോലിസ് പിടിയില്‍
X

കൊച്ചി: യുവാവിന് അമിതമായി മയക്ക് മരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയശേഷം കടന്നു കളഞ്ഞ സംഭവത്തിലെ പ്രതികള്‍ പോലിസ് പിടിയില്‍.കൊല്ലം പെരുമ്പുഴ സ്വദേശി സുധീര്‍(32),കിളികൊല്ലൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(23) എന്നിവരാണ് പിടിയിലായത്. കൊല്ലം കുറ്റിച്ചിറ സ്വദേശിയായ സിയാദിനാണ് അമിതമായ ഡോസില്‍ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ലഹരി ഇഞ്ചക്ട് ചെയ്ത് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ അബോധാവസ്ഥയിലാക്കിയ ശേഷം കടന്നു കളഞ്ഞത്.

കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരിയായി കൊടുക്കുന്നതും, സെഡേഷനു വേണ്ടിയും ഉപയോഗിക്കുന്ന മയക്കുമരുന്നു ഗുളിക പ്രതികള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഡോക്ടറുടെ കുറിപ്പട ഇല്ലാതെ വാങ്ങി ലഹരിക്കുവേണ്ടി ഉപയോഗിക്കുകയും, യുവാക്കള്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്യുകയായിരുന്നു. എറണാകുളം പോണേക്കരയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ലഹരിമരുന്ന് വില്‍പന നടത്തുകയായിരുന്ന പ്രതികള്‍ സിയാദിന് അമിതമായ ഡോസില്‍ മയക്കുമരുന്ന നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞു.

ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞുവരുന്ന സിയാദിന്റെ പിതാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ചേരാനെല്ലൂര്‍ പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഇ ഒ നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിസാഹസികമായി പിടികൂടുകയായിരുന്നു.

എറണാകുളം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചേരാനെല്ലൂര്‍ എസ് ഐ മാരായ കെ ആര്‍ രൂപേഷ്, കെ എസ് സുരേഷ്, ജോസഫ് രാജു, എഎസ് ഐ മാരായ വി എ ഷുക്കൂര്‍, വിജയകുമാര്‍, സീനിയര്‍ സിപിഒ സിഗോഷ്, സിപിഒ മാരായ എന്‍ എ അനീഷ്, പ്രശാന്ത് ബാബു,ഷമീര്‍, ശ്രീരാജ്, പ്രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെപിടികൂടിയത്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റു ചെയ്തു. കേസില്‍ കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമരുന്ന് മാഫിയയെകുറിച്ച് കൊച്ചി പോലിസ് അന്വേഷിച്ച് വരികയാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മാരകമായ ലഹരിഗുളികകള്‍ വില്‍പ്പന നടത്തുന്ന മെഡിക്കല്‍ ഷോപ്പുകളും, സ്ഥാപനങ്ങളും പോലിസ് നിരീക്ഷണത്തിലാണ്.

Next Story

RELATED STORIES

Share it