Kerala

കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ല; കര്‍ഷകര്‍ ദുരിതത്തില്‍, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പില്‍ മൊത്തം സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്. അതിനിടെ, രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ല; കര്‍ഷകര്‍ ദുരിതത്തില്‍, മുന്നറിയിപ്പ് നല്‍കി കേന്ദ്രം
X

തിരുവനന്തപുരം: കാലവര്‍ഷം ഇനിയും വൈകിയാല്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളും വരണ്ടുണങ്ങും. നിലവില്‍ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ നാലിലൊന്നുപോലും വെള്ളമില്ല. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ അണക്കെട്ടായ മലമ്പുഴയില്‍ കുടിവെള്ളത്തിനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. എല്ലാ അണക്കെട്ടുകളുടെയും സ്ഥിതി ഇതുതന്നെ.

മാര്‍ച്ച് ഒന്നുമുതല്‍ മെയ് 29 വരെ പെയ്യേണ്ട വേനല്‍മഴയിൽ 47 ശതമാനം കുറവാണ് മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന പാലക്കാട് ഇക്കൊല്ലമുണ്ടായത്. ഡാം ജലത്തെ ആശ്രയിച്ച് കൃഷി ഇറക്കുന്ന കര്‍ഷകരും ദുരിതത്തിലാണ്. നടീലിന് കൃഷിക്കാര്‍ അണക്കെട്ടിലെ വെള്ളം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു അണക്കെട്ടില്‍നിന്നും നിലവില്‍ കൃഷിക്ക് വെള്ളം നല്‍കാന്‍ സാധിക്കില്ല. മഴ കനിഞ്ഞെങ്കില്‍ മാത്രമേ അടുത്ത വിളയ്ക്കുള്ള വെള്ളം ശേഖരിക്കാന്‍ സാധിക്കൂ. സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പില്‍ മൊത്തം സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്.

അതിനിടെ, രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി. തെക്കേ ഇന്ത്യയിലെയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തെക്കന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 31 റിസര്‍വോയറുകളിലെ സംഭരണശേഷി 51.59 ബില്യണ്‍ ക്യുബിക് മീറ്ററാണ്. എന്നാല്‍ നിലവിലുള്ളത് 6.86 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം മാത്രമാണ്. റിസര്‍വോയറുകളില്‍ ശരാശരിയേക്കാളും 20 ശതമാനം ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നാണ് വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കിയത്. ഡാമുകളിലെ വെള്ളത്തിന്റെ അളവ് കഴിഞ്ഞ 10 വര്‍ഷത്തേതിലും കുറവാണ്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം കത്ത് അയച്ചത്. കേന്ദ്ര ജലകമ്മീഷന്‍ അംഗം എസ് കെ ഹാല്‍ദറാണ് കത്ത് നല്‍കിയത്. അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ താഴുന്ന പശ്ചാത്തലത്തില്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഡാമുകളിലെ വെള്ളം കുടിക്കുന്നതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള 91 പ്രധാനപ്പെട്ട റിസര്‍വോയറുകളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷന്‍ നിരീക്ഷിച്ചു വരികയാണ്. 91 റിസര്‍വോയറുകളിലെ ആകെ സംഭരണശേഷി 161.993 ബില്യണ്‍ ക്യുബിക് മീറ്ററാണ്. എന്നാല്‍, നിലവില്‍ 35.99 ബില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് സംഭരിച്ചിരിക്കുന്ന വെള്ളം. രാജ്യത്തിന്റെ തെക്കു, പടിഞ്ഞാറന്‍ മേഖലകളെയാണ് വരള്‍ച്ച കൂടുതലായി ബാധിക്കുക.

Next Story

RELATED STORIES

Share it