Kerala

മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമം എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം

ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സന്ദര്‍ശിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശിച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമം എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശം
X

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കണം. തങ്ങളുടെ അധികാരപരിധിയില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ അതത് പോലിസ് സ്‌റ്റേഷനുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സന്ദര്‍ശിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദ്ദേശിച്ചു. എന്തെങ്കിലും കാരണവശാല്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരെ ഫോണില്‍ ബന്ധപ്പെട്ട് സുഖവിവരങ്ങള്‍ അന്വേഷിക്കണം. അതുസംബന്ധിച്ച് പോലിസ് സ്‌റ്റേഷനില്‍ രേഖകള്‍ സൂക്ഷിക്കുകയും വേണം.

സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളും വയോജന സൗഹൃദ സ്‌റ്റേഷനുകളായിരിക്കും. പോലിസ് സ്‌റ്റേഷനിലെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സേവനം ലഭിക്കുന്നതിന് മുന്‍ഗണന ലഭിക്കും. ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്ക് സഹായം ലഭിക്കുന്നതിന് അടുത്ത വീട്ടില്‍ ബെല്‍ സ്ഥാപിക്കുന്ന ബെല്‍ ഓഫ് ഫെയ്ത്ത് എന്ന സംവിധാനം തൃശൂര്‍ സിറ്റിയിലും ടെലിഫോണ്‍ റിസീവര്‍ നിശ്ചിതസമയം ഉയര്‍ത്തിപ്പിടിച്ചാല്‍ അടുത്ത പോലിസ് സ്‌റ്റേഷനില്‍ കാള്‍ ലഭിക്കുന്ന ഹോട്ട്‌ലൈന്‍ ടെലിഫോണ്‍ സിസ്റ്റം കോട്ടയം ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട് . ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും . സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി ദിവസങ്ങളില്‍ ജില്ല,സബ് ഡിവിഷന്‍ തലങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ പരാതികള്‍ കേട്ട് പരിഹാരം കാണുന്നതിന് സംവിധാനം ഒരുക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോഷ്യല്‍ പോലീസിങിന്റെ ചുമതലയുള്ള എ.ഡി.ജി.പി ഈ നടപടികള്‍ നിരീക്ഷിക്കും.

Next Story

RELATED STORIES

Share it