Kerala

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ലക്ഷങ്ങൾ ചിലവഴിച്ച് ഉദ്യോഗസ്ഥരുടെ ഓഫീസ് നവീകരണം തുടരുന്നു

ലോക്ക് ഡൗണിൽ സാമ്പത്തിക മേഖല അപ്പാടെ തകർന്നതോടെ മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്ന സർക്കാർ തന്നെ മറുവശത്ത് കൂടി പണം നിയന്ത്രണമില്ലാതെ ചിലവഴിക്കുകയാണെന്നാണ് വിമർശനം.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ലക്ഷങ്ങൾ ചിലവഴിച്ച് ഉദ്യോഗസ്ഥരുടെ ഓഫീസ് നവീകരണം തുടരുന്നു
X

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ഉദ്യോഗസ്ഥരുടെ ഓഫീസുകൾ നവീകരിക്കുന്നതിന് ചിലവിടുന്നത് ലക്ഷങ്ങൾ. ഖജനാവിൽ അത്യാവശ്യ ചിലവിന് പോലും പണമില്ലാത്തതിനാൽ കടമെടുത്തും സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴാണ് മറുവശത്ത് നിലവിലെ സാഹചര്യം മറന്ന് പണം ചിലവഴിക്കുന്നത്.


സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ നവീകരണ പ്രവർത്തനങ്ങൾക്കും മറ്റ് ആർഭാടങ്ങൾക്കും തുക അനുവദിച്ചത് മുമ്പ് വിവാദമായിരുന്നു. നിലവിൽ പ്രതിസന്ധി രൂക്ഷമായിരിക്കെ ലക്ഷങ്ങൾ ചിലവഴിച്ച് സെക്രട്ടേറിയറ്റിലെ തന്നെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫിസുകളിലെ എസി മാറ്റാൻ പണം അനുവദിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.


വ്യവസായ വകുപ്പ് സെക്രട്ടറി, ജലവിഭവ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പിലെ അണ്ടർ സെക്രട്ടറിമാർ എന്നിവരുടെ ഓഫീസുകളിൽ പുതിയ എസി വാങ്ങുന്നതിനും തദ്ദേശ സ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ വൈദ്യുതി നവീകരണത്തിനുമാണ് പണം ചിലവഴിച്ചത്. 3,75,515 രൂപയാണ് ഇതിനായി അനുവദിച്ചത്.


ലോക്ക് ഡൗണിൽ സാമ്പത്തിക മേഖല അപ്പാടെ തകർന്നതോടെ മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്ന സർക്കാർ തന്നെ മറുവശത്ത് കൂടി പണം നിയന്ത്രണമില്ലാതെ ചിലവഴിക്കുകയാണെന്നാണ് വിമർശനം. സർക്കാർ നീക്കത്തിനെതിരേ വിമർശനവുമായി വി ടി ബൽറാം എംഎൽഎ രംഗത്തുവന്നു. പണം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് സഹിതം പുറത്തു വിട്ടാണ് എംഎൽഎയുടെ വിമർശനം.


ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

സെക്രട്ടറിയേറ്റിൽ ഈ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് എല്ലാ മുതിർന്ന ഉദ്യോഗസ്ഥരുടേയും ഓഫീസുകളിലെ എസി ഒരുമിച്ച് കേടായതാണോ എന്തോ? അതോ ഈ വക ചെലവുകളെല്ലാം മുഖ്യമന്ത്രി പറഞ്ഞത് പോലെ ഏത് സാമ്പത്തിക പ്രതിസന്ധിക്കിടയിലും "മുറ പോലെ" നടക്കേണ്ടതാണോ?

വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഓഫിസിൽ ഒരു പുതിയ എസി വാങ്ങുന്നു. ഏപ്രിൽ 13ന്. വില വെറും 63,173 രൂപ

ജല വിഭവ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ പുതിയ രണ്ട് എ സി. ഏപ്രിൽ 13 ന് തന്നെ. വില 1,18,342 രൂപ.

തദ്ദേശ സ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ വൈദ്യുതി നവീകരണത്തിന് 64,000 രൂപക്ക് ഭരണാനുമതി നൽകിയത് ഏപ്രിൽ 16ന്.

സെക്രട്ടേറിയേറ്റിലെ സൗത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിൽ വ്യവസായ വകുപ്പിലെ അണ്ടർ സെക്രട്ടറിമാർക്ക് രണ്ട് ഏസി വാങ്ങിയത് 1,30,000 രൂപക്ക്. ഭരണാനുമതി നൽകിയത് ഏപ്രിൽ 20 ന്.

കരാറുകൾ മിക്കതും ലഭിച്ചിരിക്കുന്നത് ജെ. മാക്സൽ ഏജൻസീസ്, കടപ്പാക്കട, കൊല്ലം.

Next Story

RELATED STORIES

Share it