Kerala

വിദേശിയുടെ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം: എസ്‌ഐ അടക്കം മൂന്ന് പോലിസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം

വിദേശിയുടെ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവം: എസ്‌ഐ അടക്കം മൂന്ന് പോലിസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം
X

തിരുവനന്തപുരം: പുതുവല്‍സരത്തലേന്ന് മദ്യവുമായെത്തിയ സ്വീഡിഷ് പൗരനെ അവഹേളിച്ചെന്ന പരാതിയില്‍ എസ്‌ഐ അടക്കം മൂന്ന് പോലിസുകാര്‍ക്കെതിരേ വകുപ്പ് തല അന്വേഷണം. പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിപിഒമാരായ മനീഷ്, സജിത് എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ കോവളം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പോലിസ് കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

കോവളത്തെ സ്വകാര്യഹോട്ടലില്‍ നാലുവര്‍ഷമായി താമസിക്കുന്ന സ്വീഡിഷ് സ്വദേശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ (68) യാണ് കോവളം പോലിസ് അവഹേളിച്ചെന്ന് പരാതി ഉയര്‍ന്നത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നു വാങ്ങിയ മദ്യം ബില്ലില്ലാത്തതിനാല്‍ കൊണ്ടുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലിസ് സംഘം തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബിവറേജില്‍ പോയി ബില്ല് വാങ്ങി പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it