Kerala

അനധികൃത അവധിയിലുളള ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്

430 ഡോക്ടര്‍മാര്‍ അടക്കം 480 പേരെ പിരിച്ചുവിടാനാണ് തീരുമാനം.

അനധികൃത അവധിയിലുളള  ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: കൊവിഡിനിടെ സംസ്ഥാനത്ത് അനധികൃതമായി അവധിയില്‍ തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്. 430 ഡോക്ടര്‍മാര്‍ അടക്കം 480 പേരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ അവധിയില്‍ തുടരുന്നവരോട് തിരികെ സര്‍വീസില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. എന്നാല്‍ പ്രതികരിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ തസ്തികകള്‍ കൂടി ഒഴിവായി കണക്കാക്കി ആരോഗ്യ വകുപ്പ് താല്‍ക്കാലിക നിയമനം നടത്തിയിരുന്നു.

ഡോക്ടര്‍മാര്‍ക്കു പുറമെ ഫാര്‍മസിസ്റ്റുകള്‍, സ്റ്റാഫ് നഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലുള്ളവരെയും പിരിച്ചുവിടും. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാത്ത 377 ഡോക്ടര്‍മാരും പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും അനധികൃത അവധിയിലാണ്. 6 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 3 ദന്തല്‍ ഹൈനീജിസ്റ്റുകള്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റുകള്‍, 2 ആശുപത്രി അറ്റന്‍ഡര്‍മാര്‍, 3 റിക്കോര്‍ഡ് ലൈബ്രറിയേന്‍മാര്‍, 3 റേഡിയോഗ്രാഫര്‍മാര്‍, 3 ക്ലര്‍ക്കുമാര്‍, പി.എച്ച്.എന്‍ ട്യൂട്ടര്‍, ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തുടങ്ങിയവര്‍ക്കാണ് പിരിച്ചുവിടല്‍ നടപടിയുടെ അവസാന ഘട്ടമായ മെമ്മോ ഓഫ് ചാര്‍ജ്ജസ് നല്‍കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ ഇത്തരത്തില്‍ നേരത്തെ പുറത്താക്കിയിരുന്നു.

കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ചിലര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും ഇത് അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുന്നത്. അവധിയില്‍ തുടരുന്ന ഡോക്ടര്‍മാര്‍ വിദേശത്തും സംസ്ഥാനത്തുമായി വിവിധ സ്വകാര്യ ആശുപത്രികളില്‍ കനത്ത ശമ്പളത്തില്‍ ജോലിയെടുക്കുന്നവരാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമുള്ള സര്‍ക്കാര്‍ പെന്‍ഷനും ലക്ഷ്യം വച്ചാണ് പലരും രാജി നല്‍കാതെ അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. നിയമ പ്രകാരം ഇവരെ പിരിച്ചു വിട്ടാല്‍ പുതിയ സ്ഥിരം നിയമനം നടത്താന്‍ കഴിയും.

Next Story

RELATED STORIES

Share it