Top

ഡല്‍ഹി വംശഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ആത്മാര്‍മാണെങ്കില്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് പൊതുസഭ ആവശ്യപ്പെട്ടു.

ഡല്‍ഹി വംശഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ഡല്‍ഹിയില്‍ ഹിന്ദുത്വ അക്രമികളുടെ വംശഹത്യ അക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ സംഘപരിവാരം നടത്തുന്ന അക്രമങ്ങള്‍ 1984ലെ ഡല്‍ഹി, 2002ലെ ഗുജറാത്ത് വംശഹത്യകളുടെ ആവര്‍ത്തനമാണ്. പൗരത്വഭേദഗതി നിയമത്തിന്റെ അനുകൂലികളും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലും കലാപവുമായി ഈ അക്രമങ്ങള്‍ ചുരുക്കിക്കാണുന്നത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല.

ഡിസംബറില്‍ തുടക്കംകുറിച്ച പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ഡല്‍ഹിയിലും ഇന്ത്യയുടെ മറ്റ് വിവിധ പ്രദേശങ്ങളിലും സമാധാനപരമായി തുടര്‍ന്നുവരുകയായിരുന്നു. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ആര്‍എസ്എസ് ആസൂത്രിതമായാണ് വംശഹത്യയ്ക്ക് തുടക്കമിട്ടത്. ഈ അക്രമങ്ങള്‍ അപ്രതീക്ഷിതമോ ആകസ്മികമോ ആയിരുന്നില്ല. ഡിസംബര്‍ 16ന് ജാമിഅയ്ക്ക് സമീപം കൊള്ളയും കൊള്ളിവയ്പ്പും നടന്നപ്പോഴും ജനുവരി 30ന് പ്രക്ഷോഭകരായ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തപ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസ് നിഷ്‌ക്രിയമായിരുന്നു.

കുറ്റകരമായ ഈ നിസ്സംഗതയും അനാസ്ഥയുമാണ് അക്രമികള്‍ക്കു സഹായകമായതും അക്രമങ്ങള്‍ ആളിക്കത്താനിടവരുത്തിയതുമെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദുത്വഭീകരര്‍ ചോരപ്പുഴയൊഴുക്കുമ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷികളും ഡല്‍ഹി സംസ്ഥാന ഭരണകൂടവും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നില്ല എന്നത് നിരാശാജനകമാണ്.

അക്രമികള്‍ ഒരു ശൃംഖല പോലെ പ്രവര്‍ത്തിച്ചുവെന്നും അതിന്റെ സ്രോതസ് കണ്ടെത്തണമെന്നും ശക്തമായ നിലപാടെടുത്ത ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധര്‍, ഇന്ത്യന്‍ ജുഡീഷ്യറിയുടെ തിളങ്ങുന്ന മുഖമായി നിലനില്‍ക്കുന്നു. രായ്ക്കുരാമാനം അദ്ദേഹത്തെ സ്ഥലംമാറ്റിയ ഭരണകൂടം ഹിന്ദുത്വരുടെ ആസൂത്രിത നീക്കങ്ങള്‍ക്കു പിന്നിലെ കുടിലതയാണ് വെളിവാക്കുന്നത്. അക്രമത്തിന് തുടക്കമിട്ട ഹിന്ദുത്വനേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്താന്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പ്രേരിപ്പിക്കുന്ന വിധത്തില്‍ ഡല്‍ഹിയില്‍ ജനകീയപ്രതിരോധം തീര്‍ത്ത ഇരകളെ കൗണ്‍സില്‍ അഭിവാദ്യം ചെയ്തു.

പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക; എന്‍ആര്‍സിയും എന്‍പിആറും നടപ്പാക്കരുത്

പൗരത്വഭേദഗതി നിയമം നിരുപാധികമായി പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഒരു കാരണവശാലും നടപ്പിലാക്കരുതെന്നും എന്‍പിആര്‍ നടപടികള്‍ ഉപേക്ഷിക്കണമെന്നും ജനറല്‍ അസംബ്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. രാജ്യത്തെ അധസ്ഥിതരായ ദലിതുകളും കുടിയേറ്റ തൊഴിലാളികളും മുസ്‌ലിംകളും ഭീതിയിലാണ് രാജ്യത്ത് കഴിയുന്നത്. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സമരങ്ങള്‍ക്കും ചെവികൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നീക്കമാണ് നടത്തുന്നത്.

ജനകീയപ്രതിഷേധങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന കോടതികള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെ സംശയത്തിലാക്കുന്നുണ്ട്. രാജ്യത്തെ ശിഥിലമാക്കുന്ന ഇത്തരം നിയമനിര്‍മാണങ്ങളില്‍നിന്നും ഭരണകൂടം പിന്‍മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

അമേരിക്കന്‍ ദാസ്യം അവസാനിപ്പിക്കുക; ചേരിചേരാ നയം പുനസ്ഥാപിക്കുക

പൗരത്വപ്രക്ഷോഭത്തിനെതിരായ സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും വഴിതിരിച്ചുവിടുന്നതിനുമായി പോലിസ് അകമ്പടിയോടെ സംഘപരിവാരം ആസൂത്രണംചെയ്ത വംശഹത്യ രാജ്യതലസ്ഥാനത്തെ സംഘര്‍ഷഭൂമിയാക്കിയ സന്ദര്‍ഭത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. ചേരികള്‍ മറക്കാന്‍ മതില്‍ തീര്‍ത്ത് ആതിഥ്യമരുളിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ട്രംപിനും, ആഭ്യന്തരരാഷ്ട്രീയ വെല്ലുവിളികള്‍ മറികടക്കുന്നതിനുള്ള അഭ്യാസം മാത്രമായി ഈ സന്ദര്‍ശനം മാറിയെന്നതാണ് വസ്തുത.

സന്ദര്‍ശനവും ഒപ്പുവച്ച ധാരണകളും അമേരിക്കയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യയെ അടിയറ വയ്ക്കുന്നതും ചേരിചേരായ്മയില്‍ ഊന്നിയ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തില്‍നിന്നുള്ള വ്യതിചലനവുമാണ്. ഇന്ത്യയെ അമേരിക്കയുടെ മുന്‍നിര പ്രതിരോധ പങ്കാളിയാക്കുക എന്നതാണ് ലക്ഷ്യമെന്നതും ട്രംപ് മറച്ചുവച്ചിട്ടില്ല. ചേരിചേരാനയം ഇന്ത്യയുടെ വിദേശനയമായി പുനസ്ഥാപിക്കാന്‍ ശക്തമായ സമ്മര്‍ദം ഉയര്‍ന്നുവരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരങ്ങള്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക

പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് സംസ്ഥാന ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുകയും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചരിത്രപരമായ ജനമുന്നേറ്റമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഇത്തരം സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത്.

യുപിയിലും കര്‍ണാടകയിലും പ്രക്ഷോഭകര്‍ക്കെതിരേ ബിജെപി സര്‍ക്കാരുകള്‍ പോലിസിനെ ഉപയോഗിച്ച് ഭീകരവകുപ്പുകള്‍ ചുമത്തി കേസെടുക്കുമ്പോള്‍, അതിനു സമാനമായ രീതിയിലാണ് കേരളത്തിലും 153 എ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുക്കുന്നത്. സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ആത്മാര്‍മാണെങ്കില്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് പൊതുസഭ ആവശ്യപ്പെട്ടു.

സംവരണ അട്ടിമറി നീക്കങ്ങള്‍ക്കെതിരേ പിന്നാക്കവിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തണം

പിന്നാക്ക ജനവിഭാഗങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഭരണകൂടശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് ജനറല്‍ അസംബ്ലി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഉദ്യോഗകയറ്റത്തിന് സംവരണത്തിന് അവകാശമില്ലെന്നുള്ള സുപ്രിംകോടതിയുടെ വിധി ജൂഡീഷ്യറിയും സംവരണവിരുദ്ധ നിലപാടിലേക്ക് മാറുന്നുവെന്നതിന് തെളിവാണ്. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഗുണകരമാവേണ്ട സംവരണത്തെ അട്ടിമറിച്ചുകൊണ്ട് മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

മുസ്‌ലിം സമുദായസംഘടനകള്‍ മുഖ്യശത്രുവിനെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം

മുസ്‌ലിം സമുദായത്തിന് നിര്‍ഭയത്വത്തിലൂന്നിയ ശാക്തീകരണ അജണ്ട അനിവാര്യമായ ഈ ഘട്ടത്തില്‍ സമുദായസംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്ന സങ്കുചിത നിലപാടുകള്‍ തിരുത്തി മുഖ്യശത്രുവിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് ശാക്തീകരണ മുന്നേറ്റത്തിന്റെ ഭാഗമായി മാറണമെന്ന് ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. സവര്‍ണ പൊതുബോധം കേരളീയ സമൂഹത്തെ നിയന്ത്രിക്കുമ്പോള്‍ തന്നെ ഈഴവാദി പിന്നാക്ക സമുദായങ്ങള്‍ ഹിന്ദുത്വ വര്‍ഗീയതയുടെ ഉപകരണങ്ങളായി മാറുന്നു.

ഈ സവിശേഷ സാഹചര്യത്തില്‍ ഉയര്‍ന്നുചിന്തിക്കേണ്ട മുസ്‌ലിം സമുദായ സംഘടനകളുടെ ഭാഗത്തുനിന്നും മുസ്‌ലിം ശാക്തീകരണത്തിനായുള്ള യാതൊരു ശ്രമവും പ്രകടമാവുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ സംഘടനാ സ്വാര്‍ഥതയില്‍ ഊന്നിയ പ്രവര്‍ത്തനരീതികള്‍ സമുദായത്തില്‍ നിന്നുയര്‍ന്നുവരുന്ന നവജാഗരണത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതും വിസ്മരിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ സംരക്ഷകരെന്നു നടിക്കുന്നതോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിനു ഗുണകരമാവുന്ന നിലപാടെടുക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം സംഘപരിവാരത്തിന് അവസരവും അംഗീകാരവുമുണ്ടാക്കിക്കൊടുക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നുവെന്ന് പ്രമേയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it