Kerala

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്തിയില്ല

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്തിയില്ല
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പോലിസ്. ഒളിവിലുള്ള സുകാന്തിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പോലിസും ചങ്ങരംകുളം പോലിസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പോലിസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പോലിസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പോലിസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പോലിസ് വെളിപ്പെടുത്തി. ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി. മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പോലിസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലിസ് എത്തിയിരിക്കുന്നത്.






Next Story

RELATED STORIES

Share it