Kerala

ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്

ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ഓഫിസ് വിലാസത്തിലാണ് നോട്ടീസ് നല്‍കിയിരുന്നത്.

ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്
X

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. കെ അയ്യപ്പന്റെ വീട്ടിലെ വിലാസത്തിലാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ഓഫിസ് വിലാസത്തിലാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന് നിയമപരിരക്ഷയുണ്ടെന്നും ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കി. ഇതോടെയാണ് അയ്യപ്പന്റെ വീട്ടുവിലാസത്തില്‍ പുതിയ നോട്ടീസ് നല്‍കിയത്.

ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും കെ അയ്യപ്പനെ അറസ്റ്റുചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്നുമാണ് കസ്റ്റംസിന്റെ നിലപാട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്നും സ്പീക്കറുടെ പേഴ്‌സനല്‍ സ്റ്റാഫിന് ചട്ടം 165 ബാധകമല്ലെന്നും കസ്റ്റംസ് പറയുന്നു. അടുത്തദിവസം തന്നെ ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശം.

അതേസമയം, ചോദ്യംചെയ്യലിന് സ്പീക്കറുടെ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് കമ്മീഷണര്‍ മറുപടി നല്‍കും. കത്ത് വ്യാഴാഴ്ച തന്നെ കൈമാറും. അറസ്റ്റുചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്ന് കത്തില്‍ വിശദീകരിക്കും. അതേസമയം, കെ അയ്യപ്പനെതിരായ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷണനും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അസിസ്റ്റന്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമല്ല. ചട്ടപ്രകാരമായിരിക്കണമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്.

ചട്ടം 165 ന്റെ പരിരക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല, സഭാപരിധിയിലുള്ള എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ചട്ടം സൂചിപ്പിച്ചാണ് കസ്റ്റംസിന് കത്ത് നല്‍കിയതെന്ന് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനും വിശദീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫഌറ്റില്‍ ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയക്കാന്‍ കൈമാറിയെന്നും ഈ ബാഗ് കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫിസില്‍ നല്‍കിയെന്നുമായിരുന്നു സ്വപ്‌നയും സരിത്തും നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് അസി. പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാവാന്‍ കസ്റ്റംസ് നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it