Kerala

കസ്റ്റംസ്, ഇ ഡി കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;ശിവശങ്കര്‍ എന്‍ഫോഴ്‌മെന്റിന്റെ കസ്റ്റഡിയില്‍

കസ്റ്റംസും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നടത്തിയ വാദത്തില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി.മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എന്‍ഫോഴ്‌സ്മെന്റ് ആശുപത്രിയില്‍ എത്തി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തു കൂട്ടിക്കൊണ്ടുപോയി

കസ്റ്റംസ്, ഇ ഡി കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;ശിവശങ്കര്‍ എന്‍ഫോഴ്‌മെന്റിന്റെ കസ്റ്റഡിയില്‍
X

കൊച്ചി: കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തിരുവനന്തപുരം വഞ്ചിയൂരുള്ള ആയുര്‍വേദ ആശുപത്രിയില്‍ എത്തി നോട്ടീസ് നല്‍കി വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി.കൊച്ചിയിലെ എന്‍ഫോഴ്‌സമെന്റ് കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം.കസ്റ്റംസും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നടത്തിയ വാദത്തില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ പ്രഥമ ദൃഷ്ട്യാനിലനില്‍കുമെന്ന് വിലയിരുത്തിയാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

വാദത്തിനിടയില്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.തുടര്‍ നടപടികളുമായി അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നോട്ടു പോകാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരുമായുള്ള ബന്ധത്തെതുടര്‍ന്ന് നേരത്തെ എന്‍ ഐ എ,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്,കസ്റ്റംസ് എന്നിവര്‍ മണിക്കൂറുകളോളം ശിവശങ്കറിനെ കൊച്ചിയിലും തിരുവനന്തപുരത്തുമായി ചോദ്യം ചെയ്തിരുന്നു.

അന്വേഷണം പുരോഗമിക്കവെ വിദേശത്തേക്ക് ഡോളര്‍കടത്ത്,വിദേശത്ത് നിന്നും ഈന്തപ്പഴം എത്തിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ശിവശങ്കര്‍ ഇ ഡി തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ആദ്യം മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്.തുടര്‍ന്ന് ശിവശങ്കറിനെ ഇ ഡി അറസ്റ്റു ചെയ്യുന്നതില്‍ നിന്നും ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.ഈ ഉത്തരവ് നിലനില്‍ക്കേ കസ്റ്റംസ കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകവെ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.തുടര്‍ന്ന് കസ്റ്റംസ് കേസിനെതിരെയും ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ഇതിലും താല്‍ക്കാലിക സ്റ്റേ ഉത്തരവ് നേടുകയും ചെയ്തിരുന്നു.

ആന്‍ജിയോഗ്രാം പരിശോധനയില്‍ ശിവശങ്കറിന് ഹൃദയസംബന്ധമായ അസുഖമില്ലെന്ന് വ്യക്തമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.പിന്നീട് വിശദമായ പരിശോധനയില്‍ ശിവശങ്കറിന് നടുവേദനയാണ് പ്രശ്‌നമെന്ന് കണ്ടെത്തിയതോടെയാണ് തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ അദ്ദേഹം ചികില്‍സ തേടിയത്. ഈ മാസം 23 ന് അന്വേഷണ ഏജന്‍ജിസികളുടെയും ശിവശങ്കറിന്റെയും വാദമുഖങ്ങള്‍ കോടതി വിശദമായി കേട്ടിരുന്നു.ശിവശങ്കറിനെതിരെ ശക്തമായ വാദമുഖങ്ങളായിരുന്നു അന്വേഷണ ഏജന്‍സികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഉയര്‍ത്തിയിരുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.തുടര്‍ന്ന് ഹരജിയില്‍ വിധി പറയാന്‍ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it