Kerala

സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കുകയെന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുക.

സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: മൂന്നുദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കുകയെന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുക. കേന്ദ്രകമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുമ്പോള്‍ രണ്ട് പ്രമുഖ നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമാവും. ചികില്‍സയിലായതിനാല്‍ വി എസ് അച്ചുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യോഗത്തിനുണ്ടാവില്ല. മൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് കേന്ദ്രകമ്മിറ്റി ചേര്‍ന്നപ്പോള്‍ പിബി കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി എസ്സിനെ പാര്‍ട്ടി താക്കീത് ചെയ്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിപക്ഷവുമായി ചേര്‍ന്നുള്ള പ്രതിഷേധം, നിയമസഭാ പ്രമേയം, സുപ്രിംകോടതിയിലെ നിയമയുദ്ധം എന്നിവയെല്ലാം പരക്കെ അംഗീകരിക്കപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍. 19ന് തലസ്ഥാനത്ത് ബഹുജനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയതടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനെതിരേ നടപടി വേണമെന്നായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ ആവശ്യം. പിബി കമ്മീഷന്‍ റിപോര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് ഔദ്യോഗികപക്ഷം ശക്തമായി ആവശ്യപ്പെട്ടത് തിരുവനന്തപുരം കേന്ദ്രകമ്മിറ്റിയിലാണ്. ബന്ധുനിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെയുള്ള വിജിലന്‍സ് എഫ്‌ഐആറും, മന്ത്രി എം എം മണിക്കെതിരായ വിചാരണയുമെല്ലാം കേന്ദ്ര കമ്മിറ്റിക്കിടെയാണുണ്ടായത്.

മണിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് വി എസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതും വലിയ ചര്‍ച്ചയായി. മൂന്നാം ദിവസം പിബി കമ്മിഷന്‍ റിപോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു. വി എസ് അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തി താക്കീതും ചെയ്തു. അന്ന് കേന്ദ്രകമ്മിറ്റിയിലും വാര്‍ത്തയിലും നിറഞ്ഞുനിന്ന വി എസ്, മൂന്നുവര്‍ഷത്തിന് ശേഷം കേന്ദ്രകമ്മിറ്റിയോഗം തലസ്ഥാനത്ത് നടക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ പങ്കെടുക്കാനാവാത്ത അവസ്ഥയിലാണ്. അന്ന് ഔദ്യോഗികപക്ഷത്തിന്റെ കരുനീക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കോടിയേരി ബാലകൃഷ്ണനും ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it