Kerala

കോടിയേരിക്ക് അവധി നീട്ടി നൽകിയിട്ടില്ലെന്ന് സിപിഎം; താൽക്കാലിക സെക്രട്ടറിയെ നിശ്ചയിച്ചെന്നത് അടിസ്ഥാനരഹിതം

കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയെന്നായിരുന്നു മാധ്യമവാർത്തകൾ.

കോടിയേരിക്ക് അവധി നീട്ടി നൽകിയിട്ടില്ലെന്ന് സിപിഎം; താൽക്കാലിക സെക്രട്ടറിയെ നിശ്ചയിച്ചെന്നത് അടിസ്ഥാനരഹിതം
X

തിരുവനന്തപുരം: ചികിൽസയിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നീട്ടി നൽകിയെന്ന വാർത്തകളെ തള്ളി സിപിഎം. ചികിൽസയ്‌ക്കു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിട്ടില്ല. പാര്‍ട്ടിക്ക് പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയെന്നായിരുന്നു മാധ്യമവാർത്തകൾ. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നാണ് വിദഗ്ധ പരിശോധനകള്‍ക്കായി കോടിയേരി അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് യാത്ര തിരിച്ചത്. ഭാര്യ വിനോദിനിയും കൂടെയുണ്ട്. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുന്നുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. രണ്ടാഴ്ചത്തെ മാത്രം അവധിയായതിനാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആരെയും നിയമിച്ചിരുന്നില്ല. തുടര്‍ ചികില്‍സ ആവശ്യമുണ്ടെങ്കില്‍ അവധി നീട്ടുമെന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു മാസത്തേക്കുള്ള അമേരിക്കന്‍ യാത്രയുടെ സമയപരിധി നീട്ടിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it