വോട്ടുവിഹിതത്തിലെ ഇടിവ് വലിയ ഉൽക്കണ്ഠ ഉളവാക്കുന്നതായി സിപിഎം

സിപിഎമ്മിന്റെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടൽശേഷിയും വലിയതോതിൽ ക്ഷയിച്ചുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപോർട്ടിൽ പറയുന്നു.

വോട്ടുവിഹിതത്തിലെ ഇടിവ് വലിയ ഉൽക്കണ്ഠ ഉളവാക്കുന്നതായി സിപിഎം

തിരുവനന്തപുരം: പാർട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടുവിഹിതത്തിലെ ഇടിവ് വലിയ ഉൽക്കണ്ഠ ഉളവാക്കുന്നതായി സിപിഎം. സിപിഎമ്മിന്റെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടൽശേഷിയും വലിയതോതിൽ ക്ഷയിച്ചുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ജനങ്ങൾ അകന്നതും പരമ്പരാഗത വോട്ടിൽ ഒരുഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാൻ ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപോർട്ടിൽ പറയുന്നു.


കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട‌് ഞായർ, തിങ്കൾ ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ചർച്ചയ‌്ക്ക‌ുശേഷം അംഗീകരിച്ചു. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കീഴ്ഘടകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാക്കിയ അവലോകനമാണ് ദേശാഭിമാനിയില്‍ ഇന്ന് പ്രസിദ്ധീകരിച്ചത്.

വീഴ്ചകൾ കണ്ടുപിടിക്കുക മാത്രമല്ല തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗർബല്യങ്ങളുണ്ട‌്. യുവാക്കൾക്ക് പാർട്ടിയോടുള്ള ആകർഷണം പരിമിതമായി തുടരുന്നു. തൊഴിലില്ലായ്മാ നിരക്ക‌് വളരെ ഉയർന്നിരുന്നിട്ടും യുവാക്കളെ ഉശിരൻ പ്രക്ഷോഭങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല. യുവാക്കളിലേക്ക് എത്താനുള്ള പ്രധാന വഴി സാമൂഹ്യമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയവുമാണ്. ഈ ഉപകരണങ്ങളെ ബിജെപി തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും യുവാക്കളെ സ്വാധീനിക്കാനുമായി വിജയകരമായി ഉപയോഗിച്ചു. അടിയന്തരമായി ഈ പ്രശ്നം കൈകാര്യം ചെയ്യുകയും അവശ്യംവേണ്ട നടപടികൾ കൈക്കൊള്ളുകയും വേണം. നഗര പ്രദേശങ്ങളിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഇടയിൽ പാർട്ടിയോടുള്ള ആകർഷണം കുറഞ്ഞുവരികയാണ്.

പാർട്ടിയുടെ എല്ലാ തലങ്ങളിലും ഇലക്ട്രോണിക് വാർത്താ വിനിമയ ശൃംഖല ശക്തിപ്പെടുത്തണം. ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങ്ങളിൽ സമരങ്ങൾ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാർട്ടികളും സാമൂഹ്യശക്തികളുമായും ചേർന്നു നടത്താനുള്ള പദ്ധതികൾ തയ്യാറാക്കണം. ബിജെപിക്കുണ്ടായ നിർണായക വെല്ലുവിളിയെ തുടർന്ന് ഉയർത്തിക്കൊണ്ടു വരാനിടയുള്ള ആസന്ന വെല്ലുവിളികളെ നേരിടാൻ രാജ്യവും ജനങ്ങളും സ്വയം സന്നദ്ധമാകണം. ജനങ്ങൾക്കിടയിലേക്ക് ചെല്ലാൻ പാർട്ടി നേതാക്കൾ മുന്നിട്ടിറങ്ങണം. തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തിട്ടുള്ള യുവാക്കളിൽ വലിയ വിഭാഗങ്ങളെ ബഹുജന സംഘടനകളിലേക്ക് ആകർഷിക്കണം. ഇടത് ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തണം. കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ കൂടുതൽ ഏകോപനമുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വനിത മതിലിന് പിന്നാലെ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു. വനിത മതിലിലെ സ്ത്രീകളുടെ പങ്കാളിത്തം വോട്ടായി മാറിയില്ല. വനിതാമതിലിന‌ുശേഷം രണ്ട‌് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത‌് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചരണം പാർട്ടി അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചു. 56 ലക്ഷം സ്ത്രീകൾ പങ്കെടുത്ത ചരിത്രം സൃഷ്ടിച്ചതായിരിന്നു വനിതാമതില്‍. എന്നാല്‍ ഈ ബഹുജന സമരങ്ങളിൽ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി പരിവർത്തനം ചെയ്യപ്പെട്ടില്ല.

അക്രമരാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് സിപിഎമ്മിന്റെ മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ രാഷ്ട്രീയ അക്രമത്തിൽ സിപിഎം മാത്രമാണ് ഉത്തരവാദിയെന്ന പ്രചരണം തിരിച്ചടിയുണ്ടാക്കി. പാർട്ടിയെ കരിതേച്ചു കാണിക്കാൻ ചില സംഭവങ്ങളെ ഉപയോഗിക്കുന്നതിൽ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചു. എതിരാളികൾക്ക് പാർട്ടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന‌് അവസരങ്ങൾ ഉണ്ടാകില്ലെന്ന് പാർട്ടി ഉറപ്പുവരുത്തണം. തെറ്റുകളും കുറവുകളും തിരുത്തുന്നതിനും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. ബിജെപി വോട്ട് വര്‍ധനവിലെ ആശങ്ക നേതൃത്വം വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ വോട്ടിൽ ഒരുഭാഗം യുഡിഎഫിനു കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ ബിജെപി വിജയിച്ചു. ഇത് അതിയായ ഉൽകണ‌്ഠ ഉളവാക്കുന്ന കാര്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

RELATED STORIES

Share it
Top