Kerala

സിഐടിയു നേതാവിൻ്റെ സസ്പെൻഷൻ; സപ്ലൈകോയിൽ സിപിഎം- സിപിഐ പോര് രൂക്ഷമായി

ഭക്ഷ്യവകുപ്പിനെതിരെ തുടർച്ചയായി അനാവശ്യ പ്രചരണം നടത്തിയതു കൊണ്ടാണ് മാധ്യമപ്രവർത്തകനെന്ന പേരിൽ വിളിച്ചതെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിന്റ വിശദീകരണം.

സിഐടിയു നേതാവിൻ്റെ സസ്പെൻഷൻ; സപ്ലൈകോയിൽ സിപിഎം- സിപിഐ പോര് രൂക്ഷമായി
X

തിരുവനന്തപുരം: സിഐടിയു നേതാവിനെ സസ്‌പെൻഡ് ചെയ്തതിനെ തുടർന്ന് സപ്ലൈകോയിൽ സിപിഎം- സിപിഐ പോര് രൂക്ഷമായി. ഭക്ഷ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി മാധ്യമപ്രവർത്തകൻ ചമഞ്ഞ് ഫോൺവിളിച്ചാണ് സിഐടിയു നേതാവിനെ കുടുക്കിയത്. സപ്ലൈകോ ഉദ്യോഗസ്ഥനായ അനിൽകുമാറിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫോൺ വിളിച്ച് സംഭാഷണം റിക്കോർഡ് ചെയ്യുകയായിരുന്നു. ഇതിൽ സർക്കാരിനെതിരെ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ. ആൾമാറാട്ടം തിരിച്ചറിഞ്ഞതോടെ നടപടി ആവശ്യപ്പെട്ട് സിഐടിയു രംഗത്തെത്തി.

ഭക്ഷ്യവകുപ്പിൽ ദീർഘനാളായി തുടർന്നു വരുന്ന സിപിഐ- സിപിഎം പോരിന്റെ തുടർച്ചയാണ് സപ്ലൈകോ സിഐടിയു യൂണിയൻ നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയും ഈസ്റ്റ്ഫോർട്ട് സൂപ്പർ മാർക്കറ്റിലെ സീനിയർ അസിസ്റ്റന്റുമായ എ അനിൽകുമാറിന്റ സസ്‌പെൻഷൻ. ഭക്ഷ്യ വകുപ്പിനേയും സപ്ലൈകോയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചില മാധ്യമങ്ങളോട് സംസാരിച്ചെന്നും അത് സംപ്രേഷണം ചെയ്തതുവഴി വകുപ്പിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്.

മാധ്യമപ്രവർത്തകനെന്ന പേരിൽ വിളിച്ചതിന് ശേഷം ഭക്ഷ്യകിറ്റ് നിറയ്ക്കുന്ന ജോലിക്കാർക്ക് വേതനം നിഷേധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഈ ശബ്ദരേഖ റെക്കോർഡ് ചെയ്ത് അത് തെളിവായി ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ഓഫീസ് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്. നടപടിക്ക് പിന്നാലെ മാധ്യമപ്രവർത്തകനെന്ന പേരിൽ വിളിച്ചയാളിനെ അനിൽ കുമാർ തിരിച്ചു വിളിച്ചപ്പോഴാണ് യാഥാർഥ്യം ബോധ്യമായത്. പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് സിഐടിയു ആവശ്യപ്പെട്ടതോടെ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമം തുടങ്ങി. ഭക്ഷ്യവകുപ്പിനെതിരെ തുടർച്ചയായി അനാവശ്യ പ്രചരണം നടത്തിയതു കൊണ്ടാണ് മാധ്യമപ്രവർത്തകനെന്ന പേരിൽ വിളിച്ചതെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിന്റ വിശദീകരണം.

Next Story

RELATED STORIES

Share it