Kerala

വട്ടിയൂർക്കാവിലെ സിപിഎം- ബിജെപി സംഘർഷം: 15 കേസുകളിലായി 1,155 പേർ പ്രതികൾ

ക്രമസമാധാനം തകർക്കുക, സംഘർഷം സൃഷ്ടിക്കുക, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുക, കൊലപ്പെടുത്താനെന്നവിധം പരിക്കേൽപ്പിക്കുക, അനുവാദമില്ലാതെ സംഘംചേരുക, പൊതുനിരത്തിലെ ഗതാഗതം തടസ്സപ്പെടുത്തുക, ക്രമസമാധാനപാലകരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വട്ടിയൂർക്കാവിലെ സിപിഎം- ബിജെപി സംഘർഷം: 15 കേസുകളിലായി 1,155 പേർ പ്രതികൾ
X

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് 1,155 പേർ പ്രതികളായി 15 കേസുകൾ വട്ടിയൂർക്കാവ് പോലിസ് രജിസ്റ്റർ ചെയ്തു. 15 കേസുകളിലായി 1,051 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും 104 ബിജെപി, ആർഎസ്എസ് പ്രവർത്തകരുമാണ് പ്രതികൾ. ഇതിൽ 8 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെയും 14 ബിജെപി, ആർഎസ്എസ് പ്രവർത്തകരെയും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം തകർക്കുക, സംഘർഷം സൃഷ്ടിക്കുക, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുക, കൊലപ്പെടുത്താനെന്നവിധം പരിക്കേൽപ്പിക്കുക, അനുവാദമില്ലാതെ സംഘംചേരുക, പൊതുനിരത്തിലെ ഗതാഗതം തടസ്സപ്പെടുത്തുക, ക്രമസമാധാനപാലകരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

15 കേസുകളിൽ ആറെണ്ണം സുമോട്ടോ നിയമപ്രകാരം പോലിസ് നേരിട്ട്‌ രജിസ്റ്റർ ചെയ്തതാണ്. ആറുകേസുകളിലായി ഇരുവിഭാഗത്തിലും ഉൾപ്പെടുന്ന 569 പ്രതികളിൽ 516 പേരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നെട്ടയത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ മാത്രം 3 കേസുകളിലായി 1025 ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളാണ്. സംഘർഷത്തെത്തുടർന്ന് വീടുകൾക്ക് നേരേയുണ്ടായ ആക്രമണങ്ങളിൽ 3 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷമാരംഭിച്ച കഴിഞ്ഞ ഞായറാഴ്ച രണ്ട്‌ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിലുൾപ്പെട്ട 5 സിപിഎം പ്രവർത്തകർ പോലിസിനു മുമ്പാകെ രണ്ടുദിവസത്തിനകം കീഴടങ്ങുമെന്ന സൂചനയുണ്ട്.

Next Story

RELATED STORIES

Share it