Kerala

കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം;സിപിഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ ബിനോയ് വിശ്വത്തിന് വിമര്‍ശനം

പ്രസ്താവന എല്‍ഡിഎഫിനെ ബാധിക്കുമെന്നും,തികച്ചും അപക്വമായ പ്രസ്താവനയാണിതെന്നും പാര്‍ട്ടി എക്‌സിക്യുട്ടിവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു

കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം;സിപിഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ ബിനോയ് വിശ്വത്തിന് വിമര്‍ശനം
X

തിരുവനന്തപുരം: സിപിഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ ബിനോയ് വിശ്വത്തിന് വിമര്‍ശനം. കോണ്‍ഗ്രസ് അനുകൂല പരാമര്‍ശത്തിലാണ് വിമര്‍ശനം. പ്രസ്താവന അനവസരത്തിലാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിനു കഴിയില്ല എന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്.കോണ്‍ഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ശൂന്യത ഉണ്ടാകും. കോണ്‍ഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.അത്തരമൊരു പ്രസ്താവന എല്‍ഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നെന്നും, പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാര്‍ട്ടി എക്‌സിക്യുട്ടിവ് യോഗത്തില്‍ വിമര്‍ശനമുണ്ടായി.

ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സിപിഐ മുഖപത്രം ജനയുഗം ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രാധാന്യം കമ്യുണിസ്റ്റുകള്‍ മാത്രമല്ല നിഷ്പക്ഷരും അംഗീകരിക്കുമെന്ന് ജനയുഗം എഴുതി.

ഇതിനു പിന്നാലെ സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സിപിഐ നിലപാട് തള്ളിയ കോടിയേരി , കോണ്‍ഗ്രസിനെ ബദലായി കാണാനാവില്ലെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് അനുകൂല നിലപാട് കേരളത്തില്‍ ഇടതുപക്ഷത്തിന് സഹായകമാകില്ല. സിപിഐ നിലപാട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സഹായമാകുമെന്നും കോടിയേരി പറഞ്ഞു.ഇതിന് പിന്നാലെയാണ് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബിനോയ് വിശ്വത്തിന് നേരെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it