Kerala

കോട്ടയത്തെ കൊവിഡ് വ്യാപനം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം; പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്

വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപ്പഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാര്‍ഡുകള്‍ എന്നിവയാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍.

കോട്ടയത്തെ കൊവിഡ് വ്യാപനം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം; പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്
X

കോട്ടയം: ജില്ലയെ റെഡ്‌സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ (ഹോട്ട്‌സ്‌പോട്ടുകളില്‍ പോലിസ് മാര്‍ക്ക് ചെയ്തിട്ടുള്ള മേഖല) ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദേശം. പ്രവേശനത്തിനും പുറത്തേക്ക് പോവുന്നതിനും രണ്ടുപോയിന്റുകള്‍ മാത്രമേ അനുവദിക്കൂ. ഈ പോയിന്റുകള്‍ റവന്യൂ/പോലിസ് പാസ് മുഖേന നിയന്ത്രിക്കും. ഈ സോണുകളില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് സന്നദ്ധസേവകര്‍ മുഖേന വീടുകളില്‍ നേരിട്ടെത്തിച്ചുനല്‍കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കും.
പാചക വാതക വിതരണം ആഴ്ചയില്‍ ഒരുദിവസമുണ്ടാവും. ഈ മേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രം അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കും. റേഷന്‍കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല. കുടിവെള്ള, വൈദ്യുത തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപ്പഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാര്‍ഡുകള്‍ എന്നിവയാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍.

അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും വേണം. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ല. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതകവിതരണ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രം പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെത്തുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. കമ്മ്യൂണിറ്റി കിച്ചനുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം.

Next Story

RELATED STORIES

Share it